ശസ്ത്രക്രിയക്ക് പിന്നാലെ അസി. കളക്ടർ മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം, അന്വേഷണം

ശസ്ത്രക്രിയക്ക് പിന്നാലെ ആരോഗ്യനില വഷളായി രാജസ്ഥാനിലെ അസിസ്റ്റന്റ് കളക്ടർ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രാഗത്ത്. കളക്ടറുടെ ചികിത്സയിൽ പിശകുകൾ സംഭവിച്ചതായി ബന്ധുക്കൾ ആരോപിച്ചു. അതേസമയം ആരോപണത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അഹമ്മദാബാദിൽ ചികിത്സയിലിരിക്കെയാണ് രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ആർഎഎസ്) ഓഫീസറായ പ്രിയങ്ക ബിഷ്‌ണോയി മരിച്ചത്. 2016 ബാച്ച് ഉദ്യോഗസ്ഥനും ബിക്കാനീർ സ്വദേശിയുമായ ബിഷ്‌ണോയിയെ രണ്ടാഴ്ച മുമ്പാണ് ജോധ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ജോധ്പൂരിലെ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ബുധനാഴ്ച വൈകിട്ടായിരുന്നു ഡോക്ടർ മരിക്കുന്നത്.

ശസ്ത്രക്രിയയെ തുടർന്ന് കളക്ടറുടെ ആരോ​ഗ്യ നില വഷളാവുകയായിരുന്നു. തുടർന്നായിരുന്നു മരണം. സംഭവത്തിന് പിന്നാലെ കളക്ടർക്ക് നടത്തിയ ശസ്ത്രക്രിയയിൽ അപാകതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. തുടർന്ന് ജോധ്പൂരിലെ സമ്പൂർണാനന്ദ് മെഡിക്കൽ കോളേജ് (എസ്എൻഎംസി) പ്രിൻസിപ്പൽ ഭാരതി സരസ്വത്തിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ അന്വേഷണത്തിനായി ജോധ്പൂർ ജില്ലാ കളക്ടർ ഗൗരവ് അഗർവാൾ ചുമതലപ്പെടുത്തി.

ജോധ്പൂരിലെ അസിസ്റ്റൻ്റ് കളക്ടറായാണ് ബിഷ്ണോയിയെ നിയമിച്ചത്. ജോധ്പൂർ നോർത്ത് മുനിസിപ്പൽ കോർപ്പറേഷനിൽ ഡെപ്യൂട്ടി കമ്മീഷണറായി ഈ മാസം ആദ്യം സ്ഥലം മാറ്റിയെങ്കിലും ഇതുവരെ ചുമതലയേറ്റിരുന്നില്ല. അതേസമയം ബിഷ്‌ണോയിയുടെ മരണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അനുശോചനം രേഖപ്പെടുത്തി.

Read more