അഗ്നിവീറുകൾക്കായി നടപ്പാക്കിയ സംവരണപ്രഖ്യാപനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരത്തേ തന്നെ ആസൂത്രണം ചെയ്തതാണെന്ന് കേന്ദ്ര സർക്കാർ. പദ്ധതിയിലെ അതൃപ്തിയും ആശങ്കയും കൂടുതൽ ശക്തമാകുന്നുവെന്നു മനസ്സിലാക്കി 3 സേനാവിഭാഗങ്ങളുടെയും പ്രതിനിധികൾ ഇന്നലെ ചേർന്ന സംയുക്ത പത്രസമ്മേളനത്തിലാണ് വിശദീകരണം.
പ്രതിവർഷം ഏതാണ്ട് 17,600 പേർ വിരമിക്കൽ പ്രായം പൂർത്തിയാക്കാതെ സേന വിടുകയാണെന്നും സൈന്യത്തെ കൂടുതൽ ചെറുപ്പമാക്കാനാണു പദ്ധതിയെന്നും നിലപാട് ആവർത്തിച്ചു.
പട്ടാളക്കാരിൽ വലിയൊരു ഭാഗവും അവരുടെ മുപ്പതുകളിലാണെന്നും പ്രായമെന്ന ഘടകം ആശങ്ക നൽകുന്നുവെന്നും കാർഗിൽ യുദ്ധ അവലോകന സമിതിയുടെ റിപ്പോർട്ടും പത്രസമ്മേളനത്തിനിടെ മിലിറ്ററി അഫയേഴ്സ് ഡിപ്പാർട്മെന്റ് അഡീഷനൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി ചൂണ്ടിക്കാട്ടി. അതേസമയം, അഗ്നിപഥിനെതിരായ പ്രതിഷേധം പ്രതീക്ഷിച്ചതല്ലെന്ന് അനിൽ പുരി വ്യക്തമാക്കി.
Read more
സേനയെ കൂടുതൽ യുവത്വമുള്ളതാക്കാൻ വലിയ ചർച്ചകൾ നടത്തിയ ശേഷമാണു തീരുമാനമെടുത്തത്. ഞങ്ങൾക്കു വേണ്ടതു യുവാക്കളെയാണ്. റിസ്ക് എടുക്കുന്നവരാണ് അവർ. താൽപര്യത്തോടെ ചെയ്യുന്നവർ, ജോഷും ഹോഷും (ഉത്സാഹവും ബോധവും) ഒരുപോലെ അവരിലുണ്ട്. – ലഫ്. ജനറൽ പുരി പറഞ്ഞു.