കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധത്തിനിടെ ബിഹാറില്‍ ഒരു ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു. ലഖിസാരായില്‍ പ്രതിഷേധക്കാര്‍ തീയിട്ട ട്രെയിനില്‍ യാത്ര ചെയ്തിരുന്നയാളാണ് മരിച്ചത്. തീയിട്ടതിനെ തുടര്‍ന്ന് പുക ശ്വസിച്ച് കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു.
രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. വിവിധ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളടക്കം വിച്ഛേദിച്ചിരിക്കുകയാണ്. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് ബിഹാറില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍.ജെ.ഡി. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ബന്ദിന് പിന്തുണയും പ്രഖ്യാപിച്ചു. 11 സംസ്ഥാനങ്ങളിലാണ് പ്രതിഷേധം വ്യാപിച്ചിരിക്കുന്നത്. പ്രതിഷേധം ഡല്‍ഹിയിലേക്ക് പടരാതിരിക്കാന്‍ രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രതയിലാണ് പൊലീസ്.
തെലങ്കാനയിലും ട്രെയിനുകള്‍ക്ക് തീയിട്ടതോടെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിരിക്കുകയാണ്. തെലങ്കാനയില്‍ ഇന്നലെ പ്രതിഷേധത്തിനിടെ നടന്ന പൊലീസ് വെടിവെയ്പില്‍ ഒരാള്‍ മരിച്ചു. 94 എക്‌സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചര്‍ ട്രയിനുകളുമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രയിന്‍ സര്‍വീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യന്‍ റെയില്‍ വേ അറിയിച്ചു.
ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം കേന്ദ്രത്തിന്റെ നയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി ആരോപിക്കുന്നു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും വിമര്‍ശനമുണ്ട്്. പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാരുള്‍പ്പെടെ പ്രതിഷേധിക്കും.
Read more
പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറയുമ്പോഴും എന്‍ഡിഎക്ക് ഉള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് ശക്തമാണ്. ്. അതേസമയം പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയും അഗ്നിപഥ് പദ്ധതി വഴി റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങുകയാണ് വ്യോമസേന. ജൂണ്‍ 24നാണ് അഗ്നിപഥിന്റെ ഭാഗമായുള്ള ആദ്യ റിക്രൂട്ട്‌മെന്റ് നടക്കുക.