‘അഗ്നിപഥ്’ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പദ്ധതിക്കെതിരെയുള്ള പ്രതിഷേധം രാജ്യത്ത് പ്രതിഷേധം അക്രമങ്ങളിലേക്കു വഴിമാറിയ സാഹചര്യത്തിലാണ് കോൺഗ്രസ് വിമർശനം കടുപ്പിച്ചത്. പദ്ധതി പിൻവലിക്കണമെന്നു പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സാധാരണക്കാരുടെ ആവശ്യങ്ങൾ മനസ്സിലാകുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ആസൂത്രണമില്ലാതെ, ധൃതിയിൽ തീരുമാനമെടുത്തത് യുവാക്കളെ തത്രപ്പാടിലാക്കുകയാണു സർക്കാർ ചെയ്തത്. നരേന്ദ്ര മോദിജീ, എത്രയും വേഗം ഈ പദ്ധതി പിൻവലിക്കണം. വയസ്സ് ഇളവോടെ, മുൻപത്തേതു പോലെ ആർമി റിക്രൂട്ട്‌മെന്റ് നടത്തണമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
അഗ്നിപഥ് പ്രഖ്യാപിച്ചത് യുവാക്കൾ നിരസിച്ചു, കാർഷിക നിയമങ്ങൾ, കർഷകർ നിരസിച്ചു, നോട്ടുനിരോധനം, സാമ്പത്തിക വിദഗ്ധർ നിരസിച്ചു, ജിഎസ്‌ടി, വ്യാപാരികൾ നിരസിച്ചു. രാജ്യത്തെ ജനങ്ങളുടെ ആവശ്യം എന്തെന്നു മനസ്സിലാക്കാൻ പ്രധാനമന്ത്രിക്കു സാധിക്കുന്നില്ല. തന്റെ സുഹൃത്തുക്കളുടെ ഒഴികെ മറ്റാരുടെയും ശബ്ദങ്ങൾ അദ്ദേഹം കേൾക്കുന്നില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
പ്രതിഷേധത്തിനു പിന്നാലെ അഗ്നിപഥിന്റെ പ്രായപരിധിയിൽ കേന്ദ്ര സർക്കാർ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ചിരുന്നു. പ്രായപരിധി 21 വയസ്സിൽ നിന്ന് 23 ആയാണു വർധിപ്പിച്ചത്. അഗ്നിപഥിനെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിൽ തെരുവിലിറങ്ങിയ ഉദ്യോഗാർഥികൾ സംഘർഷാവസ്ഥയാണ് സൃഷ്ടിക്കുന്നത്