രാജ്യമെമ്പാടുമായി 83 റിക്രൂട്ട്‌മെന്റ് റാലികൾ, ഡിസംബർ ആദ്യവാരം പരിശീലനം; കരസേന കരട് വിജ്ഞാപനം ഇന്ന്

അഗ്നിപഥ് പദ്ധതിയുടെ കരട് വിജ്ഞാപനം കരസേന ഇന്ന് പുറത്തിറക്കും. ഡിസംബർ ആദ്യആഴ്ച്ചയും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് കരസേനയുടെ തീരുമാനം. ആദ്യബാച്ചിൽ 25,000 പേരും. രണ്ടാമത്തെ ബാച്ചിൽ 15,000 പേരും കരസേനയിൽ ചേരും.

അഗ്‌നിപഥ് പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്‌മെന്റ് റാലികൾ ഓഗസ്റ്റ് പകുതി മുതൽ നവംബർ വരെ  ഇന്ത്യയിലുടനീളം നടക്കുമെന്ന് സൈനിക കാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി സൂചിപ്പിച്ചിട്ടുണ്ട്. 40,000 പേരെ തിരഞ്ഞെടുക്കുന്നതിനായി രാജ്യമെമ്പാടും 83 റിക്രൂട്ട്‌മെന്റ് റാലികൾ നടത്താനാണ് കരസേനയുടെ തീരുമാനം.

നാവികസേനയിലെ നിയമനത്തിന്റെ വിശദ രൂപരേഖ ജൂൺ 26 ന് പ്രസിദ്ധീകരിക്കും. വനിതകൾക്കും കൂടുതൽ അവസരം ലഭിക്കും. യുദ്ധക്കപ്പലുകളിലും വനിതകൾക്ക് നിയമനം ലഭിക്കും. ആദ്യ ബാച്ചിന്റെ പരിശീലനം നവംബർ 21 ന് ആരംഭിക്കും.

വ്യോമസേനയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 24 ന് തുടങ്ങും. ഓൺലൈൻ പരീക്ഷ ജൂലൈ 24 മുതൽ. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബർ 30 മുതൽ നടക്കും.