കര്‍ഷക നേതാവ് ഗുര്‍ണാം സിംഗ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു, ലക്ഷ്യം 'മിഷന്‍ പഞ്ചാബ്'

കര്‍ഷക സമര നേതാവ് ഗുര്‍ണാം സിങ് ചദുനി പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവായ ചദുനി ശനിയാഴ്ചയാണ് സംയുക്ത് സംഘര്‍ഷ് പാര്‍ട്ടി എന്ന പേരില്‍ തന്റെ രാഷ്ട്രീയ സംഘടന ആരംഭിച്ചത്. വരുന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ 117 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് അദ്ദേഹം അരിയിച്ചു. എന്നാല്‍ താന്‍ പഞ്ചാബില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പണമുള്ളവരാണ്. രാജ്യത്ത് മുതലാളിത്തം കൂടി വരികയാണ്. പണമുള്ളവനും പാവപ്പെട്ടവനും തമ്മില്‍ വലിയ അന്തരമുണ്ട്. പണമുള്ളവരാണ് ഇവിടെ നയങ്ങള്‍ രൂപീകരിക്കുന്നത്. സംയുക്ത് സംഘര്‍ഷ് പാര്‍ട്ടി ജാതിക്കും മതത്തിനും അതീതമായിരിക്കുമെന്നും, എല്ലാ മതങ്ങള്‍ക്കും ജാതികള്‍ക്കും ഗ്രാമ, നഗര തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി പാര്‍ട്ടി നിലനില്‍ക്കുമെന്നും ചദുനി അറിയിച്ചു. രാഷ്ട്രീയത്തെ ശുദ്ധീകരിക്കുകയും നല്ല ആളുകളെ മുന്നോട്ട് കൊണ്ടുവരികയുമാണ് ലക്ഷ്യം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നവംബര്‍ 26 ന് രാജ്യത്തിന് മുന്നില്‍ ഒരു ‘പഞ്ചാബ് മോഡല്‍’ സ്ഥാപിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാനാകും. പഞ്ചാബില്‍ ഞങ്ങളുടെ സര്‍ക്കാര്‍ വന്നാല്‍, 2024 ലെ ദേശീയ തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ പഞ്ചാബ് മോഡലിലേക്ക് നോക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മിഷന്‍ പഞ്ചാബ് മുന്നോട്ട് വയ്ക്കുകയാണ്. വോട്ടുള്ളവരാണ് ഭരിക്കേണ്ടത്, പണമുള്ളവരല്ലെന്ന് ചദുനി പറഞ്ഞു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേന്ദ്രത്തിനെതിരെ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ചദുനി പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തികളില്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ആളാണ്. സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ അഞ്ചംഗ സമിതിയിലെ അംഗമായിരുന്നു.