കര്‍ണാടകയില്‍ മത്സരിക്കുമെന്ന് മജ്ലിസ് പാര്‍ട്ടി; ഒവൈസി ബി.ജെ.പിയുടെ ഏജന്റെന്ന് കോണ്‍ഗ്രസ്; ന്യൂനപക്ഷ വോട്ടില്‍ അവകാശവാദം, തമ്മിലടി

അടുത്ത വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കര്‍ണാടകത്തിലെ 13 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് അസദുദ്ദിന്‍ ഒവൈസി. ന്യൂനപക്ഷവിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മജ്ലിസ് പാര്‍ട്ടി (എ.ഐ.എം.ഐ.എം.) നിര്‍ത്തും. എന്നാല്‍, ഒവൈസിയുടെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കാനാണ് ഒവൈസി വരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ വിജയം എളുപ്പമാക്കാനാണ് ഒവൈസി കര്‍ണാടകയിലേക്ക് എത്തുന്നതെന്നും ഇവര്‍ ആരോപിച്ചു.

ന്യൂനപക്ഷവിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മജ്ലിസ് പാര്‍ട്ടി മത്സരിച്ചാല്‍ ഇത് ഈ മേഖലയില്‍ സ്വാധീനമുള്ള കോണ്‍ഗ്രസിനും ജെ.ഡി.എസിനും തിരിച്ചടിയാകും. ന്യൂനപക്ഷ വോട്ടുകളിലാണ് മജ്ലിസ് പാര്‍ട്ടിയുടെ കണ്ണ്. വിജയപുര, ഹുബ്ബള്ളി-ധാര്‍വാഡ്, ബെലഗാവി, ബീദര്‍, യാദ്ഗിര്‍, റായ്ചൂരു, കലബുറഗി, ശിവമോഗ മേഖലയിലെ മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കാനൊരുങ്ങുന്നത്.

Read more

പട്ടികജാതി സംവരണമണ്ഡലങ്ങളിലൊഴികെ ന്യൂനപക്ഷവിഭാഗങ്ങളില്‍നിന്നുള്ളരെ സ്ഥാനാര്‍ഥികളാക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വംനല്‍കാന്‍ പാര്‍ട്ടിനേതാവ് അസദുദ്ദീന്‍ ഒവൈസി ഹുബ്ബള്ളിയിലെത്തു ഹുബ്ബള്ളി-ധാര്‍വാഡ്, വിജയപുര നഗരസഭകളില്‍ സാന്നിധ്യമറിയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷണത്തിനൊരുങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹുബ്ബള്ളി-ധാര്‍വാഡില്‍ മത്സരിച്ച 15 സ്ഥാനാര്‍ഥികളില്‍ മൂന്നുപേരും വിജയപുരയില്‍ രണ്ടുപേരും വിജയിച്ചിരുന്നു. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒന്നിച്ച് എതിര്‍ത്താണ് ഇവിടെങ്ങളില്‍ തങ്ങള്‍ ജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇവര്‍ക്കെതിരെയാണ് തങ്ങളുടെ മത്സരമെന്ന് മജ്ലിസ് പാര്‍ട്ടി വ്യക്തമാക്കി.