സാങ്കേതിക തകരാര്‍, ട്രിച്ചി എയര്‍പോര്‍ട്ടിന് മുകളില്‍ വട്ടമിട്ട് പറന്ന് എയര്‍ ഇന്ത്യ; വിമാനത്തിലുള്ളത് 141 യാത്രക്കാര്‍

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലാന്റ് ചെയ്യാന്‍ സാധിക്കാതെ എയര്‍ ഇന്ത്യ വിമാനം ട്രിച്ചിയില്‍ എയര്‍പോര്‍ട്ടിന് മുകളില്‍ വട്ടമിട്ട് പറക്കുന്നു. ട്രിച്ചി- ഷാര്‍ജ വിമാനത്തിലാണ് സാങ്കേതിക തകരാര്‍. വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ ശ്രമം തുടരുകയാണ്. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്.

ഹൈഡ്രോളിക് ഗിയറുകള്‍ക്ക് സംഭവിച്ച തകരാര്‍ ആണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വൈകിട്ട് 5.40 മുതല്‍ വിമാനം ലാന്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. ഷാര്‍ജയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. സംഭവത്തിന് പിന്നാലെ എയര്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്.

വിമാനത്തിലെ ഇന്ധനം പൂര്‍ണമായും തീര്‍ക്കാന്‍ വേണ്ടിയാണ് നിലവില്‍ വിമാനം വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കുന്നത്. വിമാനം ലാന്റ് ചെയ്യുന്നതിന് റണ്‍വേയില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.