എയർ ഇന്ത്യ അഴിമതിക്കേസിൽ എൻസിപി നേതാവ് പ്രഫുൽ പട്ടേലിന് സിബിഐ ക്ലീൻ ചിറ്റ്. ഇതോടെ യുപിഎയുടെ വ്യോമയാന മന്ത്രിയായിരുന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതി കേസ് അവസാനിപ്പിച്ച് സിബിഐ റിപ്പോർട്ട് നൽകി. സുപ്രീംകോടതി നിർദ്ദേശ പ്രകാരം തുടങ്ങിയ അന്വേഷണം അവസാനിപ്പിച്ചാണ് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്.
എയർ ഇന്ത്യക്ക് വിമാനം പാട്ടത്തിനെടുത്തതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസാണ് സിബിഐ അവസാനിപ്പിച്ചത്. എയർ ഇന്ത്യക്കും ഇന്ത്യൻ എയർലൈൻസിനും വേണ്ടി 70,000 കോടി മുടക്കി 110 വിമാനങ്ങൾ പാട്ടത്തിനെടുത്തതിലാണ് അഴിമതിയാരോപണം ഉയർന്നത്. 2017 മേയിലാണ് സുപ്രീംകോടതി എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ അഴിമതി കണ്ടെത്തി അന്വേഷണത്തിന് ഉത്തരവിട്ടത്.
വ്യോമയാന വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം അന്നത്തെ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലും കേസിൽ പ്രതിയായി. കഴിഞ്ഞ 7 വര്‍ഷമായി കേസിൽ അന്വേഷണം നടക്കുകയായിരുന്നു. എൻസിപി നേതാക്കളായ പ്രഫുൽ പട്ടേലും അജിത് പവാറും കഴിഞ്ഞ വർഷം എൻഡിഎയ്ക്കൊപ്പം ചേർന്നതിന് പിന്നാലെയാണ് അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. ഇതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.