ദെെനം ദിനം ഉയർന്നു വരുന്ന മലിനികരണം മാനവ രാശിക്ക് വെല്ലുവിളിയായി മാറിക്കഴിഞ്ഞു. മലിനീകരണത്തെ തുടർന്നുള്ള കാരണങ്ങളാൽ ഒരു വർഷത്തിൽ ഏകദേശം ഒമ്പത് ദശലക്ഷം ആളുകൾ മരണപ്പെടുന്നുവെന്ന് വെളിപ്പെടുത്തി പുതിയ പഠനം.
‘ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത്’ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നതിങ്ങനെയാണ്.
2000 മുതലുള്ള കണക്കുകൾ മാത്രം എടുത്താൽ റോഡിൽ വർധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണം, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള മലിനവായു നിരന്തരം ശ്വസിച്ച് മരണപ്പെടുന്നവരിൽ 55 ശതമാനം വർദ്ധനവാണുണ്ടായിട്ടുള്ളത്. മലിനീകരണം മൂലം മരണപ്പെട്ട ആളുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യയും ചൈനയുമാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങളാണ് ഇവ രണ്ടും. ഇന്ത്യയിൽ ഏകദേശം 2.4 ദശലക്ഷം ആളുകളും ചൈനയിൽ ഏകദേശം 2.2 ദശലക്ഷം ആളുകളും മലിനീകരണം മൂലം പ്രതിവർഷം മരിക്കുന്നുണ്ടന്നാണ് കണക്ക്. ഏറ്റവും കൂടുതൽ മലിനീകരണത്തെ തുടർന്നുള്ള മരണങ്ങളുണ്ടായ ആദ്യത്തെ 10 രാജ്യങ്ങളിൽ ഏഴാം സ്ഥാനത്താണ് യുണൈറ്റഡ് സ്റ്റേറ്റ്സ്.
2019 -ൽ 142,883 മരണങ്ങളാണ് രാജ്യം കണ്ടത്. പട്ടികയിലെ പൂർണ്ണമായും വ്യാവസായികവൽക്കരിക്കപ്പെട്ട ഏക രാജ്യവും യുഎസാണ്. ഓരോ രാജ്യത്തെയും ജനസംഖ്യാ നിരക്കിന്റെ അടിസ്ഥാനത്തിൽ മരണങ്ങൾ കണക്കാക്കുമ്പോൾ, 100,000 ആളുകൾക്ക് 43.6 മലിനീകരണത്തെ തുടർന്നുള്ള മരണങ്ങൾ എന്ന നിലയിൽ 31-ാം സ്ഥാനത്തായിരുന്നു യുണൈറ്റഡ് സ്റ്റേറ്റ്സ്.
100,000 ആളുകൾക്ക് 117 മലിനീകരണ മരണങ്ങൾ എന്ന നിലയിൽ ഛാഡും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കുമാണ് മുന്നിൽ. ഏറ്റവും കുറഞ്ഞ മലിനീകരണത്തെ തുടർന്നുള്ള മരണങ്ങളുള്ളത് ബ്രൂണെ, ഖത്തർ, ഐസ്‌ലാൻഡ് എന്നിവിടങ്ങളിലാണ്. 15 മുതൽ 23 വരെയാണ് അവിടങ്ങളിലെ നിരക്ക്. അതായത് സിഗരറ്റ് പുക മൂലം മരണപ്പെടുന്ന ആളുകൾക്ക് സമമാണ് മലിനീകരണം മൂലം മരണപ്പെടുന്ന ആളുകളുടെ എണ്ണമെന്നും പഠനം വ്യക്തമാക്കുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നും സ്ട്രോക്ക്, കാൻസർ, കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നുമാണ് മിക്ക ആളുകളും മരിക്കുന്നത് എന്നാൽ ഈ മരണങ്ങളെല്ലാം മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഡീൻ ഡോ. ലിൻ ഗോൾഡ്മാൻ വ്യക്തമാക്കുന്നത്.
ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് ഡാറ്റാബേസിൽ നിന്നും, സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷനിൽ നിന്നും ഉരുത്തിരിഞ്ഞ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിട്ടുള്ളത്.