ഡൽഹിയിൽ വായുമലിനീകരണം ഗുരുതര സ്ഥിതിയിലേക്ക് കടന്നിരിക്കുകയാണ്. നിലവിലെ സാഹചര്യം പരിഗണിച്ച് ഡൽഹിയിൽ സ്കൂളുകൾക്ക് അവധി നീട്ടി നൽകിയിരിക്കുകയാണ്. പ്രൈമറി സ്കൂളുകള്‍ക്കാണ് അടുത്ത വെള്ളിയാഴ്ച വരെ അവധി നീട്ടി നൽകിയിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി അതിഷിയാണ് ഇക്കാര്യം അറിയിച്ചത്.
ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറാമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 300ന് മുകളില്‍ അതീവ ഗുരുതരമായ സ്ഥിതിയാണെന്നിരിക്കെ 460 ആണ് ദില്ലിയില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക.
അതേസമയം നിലവിലെ സ്ഥിതി പരിഹരിക്കാൻ സർക്കാർ മുൻകയ്യെടുക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും, മലിനീകരണ തോത് കുറക്കാന്‍ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി.
പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കരുതെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. പഞ്ചാബില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്ക് നേരെ കര്‍ഷകര്‍ പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടുകൾ പുറത്തു വന്നിട്ടുണ്ട്.