ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ വിടാതെ പിന്തുടര്‍ന്ന് അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സംഘം. താരത്തിനെ നേരത്തെയും ലോറന്‍സ് ബിഷ്‌ണോയുടെ സംഘം വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് സല്‍മാന്‍ ഖാനെ വധിക്കാനുള്ള സംഘത്തിന്റെ മറ്റൊരു നീക്കം കൂടി നവി മുംബൈ പൊലീസ് പൊളിച്ചത്.
സല്‍മാന്‍ ഖാനെ വധിക്കാന്‍ ലക്ഷ്യമിട്ട് പാകിസ്ഥാനിലെ ആയുധ വ്യാപാരിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയതായും പൊലീസ് കണ്ടെത്തി. ലോറന്‍സ് ബിഷ്‌ണോയും ബന്ധുവായ അല്‍മോല്‍ ബിഷ്‌ണോയും ഇവരുടെ സഹായി ഗോള്‍ഡി ബ്രാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആയുധം വാങ്ങിയതെന്ന് മുംബൈ പൊലീസ് പറയുന്നു.
എകെ 47, എം16 എന്നിവയാണ് സല്‍മാന്‍ ഖാനെ വധിക്കാന്‍ ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്ന് വാങ്ങിയ ആയുധങ്ങള്‍. പന്‍വേലിയില്‍ സല്‍മാന്റെ കാര്‍ തടഞ്ഞുനിറുത്തി ആയുധങ്ങള്‍ ഉപയോഗിച്ച് വധിക്കാനായിരുന്നു പദ്ധതി. മാര്‍ച്ച് 17ന് സല്‍മാന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ പുതിയ പദ്ധതി പൊലീസ് കണ്ടെത്തിയത്.
സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജയ് കശ്യപ് എന്ന ധനഞ്ജയ്, നഹ്‌വി, വാസ്പി ഖാന്‍, ജാവേദ് ഖാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാല് പേരും സല്‍മാന്റെ വീടുകളും ഷൂട്ടിങ് ലൊക്കേഷനുകളും നിരീക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു.
സല്‍മാനെതിരെയുള്ള വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ സ്വയരക്ഷയ്ക്കായി തോക്ക് കൈവശം സൂക്ഷിക്കാനും പൊലീസ് സല്‍മാന് അനുവാദം നല്‍കിയിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറന്‍സ് ബിഷ്‌ണോയിക്കും സംഘത്തിനും സല്‍മാനുമായുള്ള വിരോധത്തിന് കാരണം.