രാജ്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു മുലായം സിംഗ് യാദവ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സൈന്യത്തെ നവീകരിക്കാനും അതിര്‍ത്തി സംരക്ഷണത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അമൂല്യമാണെന്നും സ്വന്തം അധ്വാനത്തിലൂടെ രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ നേതാവാണ് മുലായമെന്നും ആന്റണി പറഞ്ഞു.
ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് (82) ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് മുലായത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
അനാരോഗ്യത്തെ തുടര്‍ന്ന് മുലായം സിംഗ് യാദവ് ഏറെ നാളായി രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെ കുറവ് പൊതുപരിപാടികളില്‍ മാത്രമാണ് മുലായം സിംഗിന്റെ സാന്നിധ്യമുണ്ടായിരുന്നത്.
മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവില്‍ മെയ്ന്‍പുരിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ്. യുപി മുന്‍ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകന്‍. മല്‍തി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാര്‍.