Connect with us

NATIONAL

‘ബംഗ്ലാവില്‍ ഞാന്‍ പണിത ക്ഷേത്രം എനിക്ക് തിരിച്ചു തരണം’; ബിജെപി ആരോപണത്തില്‍ പ്രതികരണവുമായി അഖിലേഷ് യാദവ്

, 5:21 pm

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് താന്‍ ഒഴിഞ്ഞ സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്ന് വസ്തുവകകള്‍ മോഷണം പോയെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപിയുടെ കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയങ്ങളാണ് ഉത്തരം വ്യാജ കഥകള്‍ പറയാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നതെന്നും ലഖ്‌നൗവില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഔദ്യോഗിക ബംഗ്ലാവിലേക്ക് താമസം മാറിയ ശേഷം അവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടത്തിയത് താനാണെന്നും അഖിലേഷ് പറഞ്ഞു. വീടൊഴിയുമ്പോള്‍ എന്താണ് എടുക്കേണ്ടതെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ബംഗ്ലാവ് ഒഴിയുന്നതിന് മുമ്പ്  അഖിലേഷും അനുയായികളും ചേര്‍ന്ന് ബംഗ്ലാവിലെ സാധനസാമഗ്രികള്‍ മോഷ്ടിച്ചെന്ന ആരോപണവുമായിട്ടായിരുന്നു കേന്ദ്ര ഭവനനിര്‍മ്മാണ വകുപ്പ് സഹമന്ത്രി ഹര്‍ദീപ് സിങ് പുരി രംഗത്തെത്തിയിരുന്നത്. ആരോപണത്തെ സാധൂകരിക്കുന്ന ചിത്രങ്ങളും വീഡിയോയും ബിജെപി പുറത്തുവിട്ടിരുന്നു.

ബംഗ്ലാവിലെ എ.സി. നീക്കംചെയ്ത നിലയിലും ഭിത്തിയും തറയും പൊട്ടിയ നിലയിലുമുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. പൊട്ടിയ ടൈലുകളും ലൈറ്റുകളും കൊണ്ട് എന്തുചെയ്യാനാണെന്ന് അഖിലേഷിനെ പരിഹസിച്ച് ഹര്‍ദീപ് സിങ് പുരി ചോദിച്ചിരുന്നു.

എന്നാല്‍ കേന്ദ്ര സഹമന്ത്രിയുടെ ചോദ്യത്തിന് പരിഹാസരൂപേണ മറുപടിയുമായിട്ടാണ് അഖിലേഷ് യാദവ് രംഗത്തെത്തിയത്. താന്‍ കേടുവരുത്തിയ സാമഗ്രികളുടെ കണക്ക് സര്‍ക്കാര്‍ തന്നാല്‍ പരിഹാരം കാണാം എന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.
താന്‍ ബംഗ്ലാവിനുള്ളില്‍ പണിത ക്ഷേത്രമുണ്ട് അത് തിരികെ തരാന്‍ സര്‍ക്കാരിന് കഴിയുമോ എന്നും അഖിലേഷ് ചോദിച്ചു. ബംഗ്ലാവിന് കേടുപാട് പറ്റിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.