ഇന്ത്യാ മുന്നണിയിലെ അസ്വാരസ്യങ്ങള്‍ തുറന്നുകാണിച്ച് കോണ്‍ഗ്രസിനെതിരെ പരസ്യപോരുമായി അഖിലേഷ് യാദവ്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് സഖ്യത്തില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തുവരുന്നത് തുടര്‍ക്കഥയാവുകയാണ്. പിന്നോക്കക്കാരുടെ പിന്തുണയില്ലാതെ ജയിക്കാന്‍ സാധിക്കില്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായെന്നാണ് കോണ്‍ഗ്രസിനെ പരിഹസിച്ചു കൊണ്ട് അഖിലേഷ് യാദവ് പറഞ്ഞത്. ജാതി സെന്‍സസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നതാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ജാതി സെന്‍സസുമായി ബന്ധപ്പെട്ട കണക്കുകള്‍ നല്‍കാത്തത് നേരത്തെ ഇതേ കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. ഇതിപ്പോള്‍ അത്ഭുതമാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നിലപാട്. കാരണം പിന്നോക്കക്കാരുടെ വോട്ടില്ലാതെ ജയിക്കാനാവില്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി.
ഇപ്പോള്‍ ജാതി സെന്‍സസ് വേണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം അത്ഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞ അഖിലേഷ് അവര്‍ പ്രതീക്ഷിച്ചിരുന്ന വോട്ട് അവരുടെ കൂടെ ഇല്ല എന്ന കാര്യം കോണ്‍ഗ്രസിന് ഇപ്പോളാണ് ബോധ്യപ്പെട്ടിരിക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.
മധ്യപ്രദേശില്‍ നിലവില്‍ ഒരു എംഎല്‍എ മാത്രമുള്ള സമാജ് വാദി പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതോടെയാണ് കോണ്‍ഗ്രസുമായി തര്‍ക്കത്തിലായത്.
സീറ്റുവിഭജനത്തിനുള്ള ‘ഇന്ത്യ’യുടെ നാലാം യോഗത്തിന്റെ വേദിക്കാര്യത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകാതിരിക്കുകയും പലവിധ കാരണങ്ങളാല്‍ യോഗം വൈകുകയും ചെയ്യുന്നതിനിടയിലാണ് മുന്നണിയ്ക്കുള്ളിലെ എതിര്‍പ്പുകള്‍ തുറന്നുകാട്ടി അഖിലേഷ് യാദവ് പരസ്യപ്രതികരണം നടത്തുന്നത്.
മധ്യപ്രദേശില്‍ വിജയ പ്രതീക്ഷയോടെ നില്‍ക്കുന്ന കോണ്‍ഗ്രസില്‍ നിന്ന് മുന്നണിയുടെ ഭാഗമായി കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിച്ച എസ്പിയെ കാര്യമായി കോണ്‍ഗ്രസ് പരിഗണിക്കാത്തതാണ് അഖിലേഷ് യാദവിന്റെ കൊതിക്കെറുവിന് പിന്നില്‍. നിയമസഭാതിരഞ്ഞെടുപ്പുകളില്‍ സീറ്റുധാരണയ്ക്ക് കോണ്‍ഗ്രസ് തയ്യാറല്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സീറ്റുധാരണയ്ക്ക് ശ്രമിക്കേണ്ടതില്ലെന്ന് എസ്പി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് എല്ലാവരേയും വിഡ്ഢികളാക്കുകയാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പരിഗണിച്ചില്ലെങ്കില്‍ ‘ഇന്ത്യ’ യോഗത്തില്‍ പ്രതിനിധികളെ അയക്കില്ലെന്നും അഖിലേഷ് ഭീഷണി മുഴക്കുന്നുണ്ട്.
മധ്യപ്രദേശില്‍, ഉത്തര്‍പ്രദേശിനോട് ചേര്‍ന്ന സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിക്കുള്ള സ്വാധീനം കോണ്‍ഗ്രസ് പിന്തുണയോടെ വര്‍ധിപ്പിച്ച് കൂടുതല്‍ എംഎല്‍എമാരെ നേടാനാണ് അഖിലേഷിന്റെ ശ്രമം. 2018-ലെ തിരഞ്ഞെടുപ്പില്‍ ഛത്തര്‍പുരിലെ ബിജാവര്‍ സീറ്റില്‍ ജയിച്ച സമാജ് വാദി പാര്‍ട്ടി ആറോളം സീറ്റുകളില്‍ രണ്ടാംസ്ഥാനത്തെത്തിയിരുന്നു. ഈ സീറ്റുകളില്‍ മല്‍സരിക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസിനെ അറിയിച്ചെങ്കിലും ഫലമുണ്ടാകാത്തതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്.