എത്യോപ്യന്‍ അപകടം; ബോയിംഗ് 737 MAX 8 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമപരിധിയില്‍ നിരോധിച്ചു

എത്യോപ്യന്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗ് 737 MAX 8 വിമാനങ്ങള്‍ ഇന്ത്യയില്‍ നിരോധിച്ചു. ഇന്ന് നാല് മണി മുതല്‍ ഈ വിമാനങ്ങള്‍ എല്ലാം നിരോധിക്കുന്നതായി ഗവണ്‍മെന്റ് അറിയിച്ചു. ഇന്ത്യന്‍ വ്യോമപരിധിയില്‍ പറക്കുന്ന ബോയിങ് 737 MAX 8 വിമാനങ്ങള്‍ നാല് മണിക്കുള്ളില്‍ താഴെയിറക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇന്നലെ ഈ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കണമെന്ന് DGCA നിര്‍ദേശം നല്‍കിയിരുന്നു. എത്യോപ്യന്‍ വിമാനാപകടത്തിനു പിന്നാലെ പല രാജ്യങ്ങളും അമേരിക്കയുടെ ഏറ്റവും പുതിയ മോഡലായ ബോയിംഗ് 737 MAX 8 വിമാനങ്ങള്‍ നിരോധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യന്‍ വ്യോമപരിധിയില്‍ നിന്നും ഇവ നിരോധിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് 157 യാത്രക്കാരുമായി പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണത്. മുഴുവന്‍ പേരും അപകടത്തില്‍ മരിച്ചിരുന്നു. ഇന്ത്യക്കാരും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു.

ഇന്ത്യയുടെ സ്‌പൈസ് ജെറ്റിന് 13 ബോയിംഗ് 737 MAX 8 വിമാനങ്ങളുണ്ട്. ജെറ്റ് എയര്‍വെയ്‌സിന് അഞ്ച് വിമാനങ്ങളുമാണ് ഉള്ളത്. ഇവ നിരോധിക്കുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ വിമാനക്കമ്പനികളുടെയും ഒരു യോഗം ഇന്ന് വൈകുന്നേരം നാല് മണിക്ക് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.