ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഒന്നാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. മന്ത്രിസഭാ രൂപിയ്ക്കരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സോണിയ ഗാന്ധിയുമായിചർച്ചക്കെത്തിയ തേജസ്വി മാധ്യമങ്ങളോട് പ്രതികരിച്ചത്. ബി.ജെ.പി യുടെ മോഹങ്ങളൊന്നും നടക്കില്ലെന്നും നിതീഷ് കുമാർ വിട്ടതോടെ പാർട്ടിക്ക് കിട്ടിയിരിക്കുന്നത് വലിയ തിരിച്ചടിയാണെന്നും ഉപമുഖ്യമന്ത്രി വിമർശിച്ചു.
ആര്‍ജെഡിയില്‍ നിന്ന് 18 മന്ത്രിമാരും ജെഡിയുവില്‍ നിന്ന് 13-14 മന്ത്രിമാരും ആയിരിക്കും സർക്കാരിലുണ്ടാവുക എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് തന്നെയാകും ലഭിക്കുക. ഇതിനുള്ള കരുനീക്കങ്ങളാണ് തേജസ്വി നടത്തുന്നത്. കോൺഗ്രസിന് നാല് മന്ത്രി സ്ഥാനവും എച്ച്എഎമ്മിന് ഒരു മന്ത്രിസ്ഥാനവുമെന്നാണ് നിലവിലെ ചർച്ചകളിലെ ധാരണ.
പ്രതിപക്ഷ പാർട്ടികളെ എല്ലാം ഒരുമിച്ച് നിർത്തിയുള്ള മുന്നേറ്റമാണ് തേജസ്വി ആഗ്രഹിക്കുന്നത്. അതുവഴി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മോദിക്ക് ശ്കതമായ മത്സരം കൊടുക്കാൻ സാധിക്കുമെന്നും തേജസ്വി പ്രതീക്ഷിക്കുന്നു. സോണിയ ഗാന്ധിയെ കൂടാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തേജസ്വി യാദവിനെ നേരിൽ കണ്ടു. ബിഹാറിലെ മഹാസഖ്യ സർക്കാർ രാജ്യത്തിനാകെ പ്രതീക്ഷയാണെന്ന് യെച്ചൂരി പറഞ്ഞു. ബിഹാറിലെ മഹാസഖ്യ സർക്കാരിൽ സിപിഎം ഭാഗമാകില്ലെന്നും മഹാസഖ്യ സർക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുമെന്നും യെച്ചൂരി പറഞ്ഞു.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.