എല്ലാ വിവിപാറ്റ് സ്‌ളിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്. വോട്ട് രേഖപ്പെടുത്തിയതില്‍ കൃത്യതയുണ്ടെന്ന് ഉറപ്പിക്കാനായി തയ്യാറാക്കിയ സംവിധാനമാണ് വിവിപാറ്റ്. നിലവില്‍ ഒരു മണ്ഡലത്തിലെ അഞ്ച് വോട്ടിങ് മെഷീനിലെ വിവിപാറ്റ് സ്ലിപ്പുകള്‍ മാത്രമാണ് എണ്ണുന്നത്.
മണ്ഡലത്തിലെ എല്ലാ മെഷീനുകളുടെയും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. അഭിഭാഷകനായ അരുണ്‍കുമാര്‍ അഗര്‍വാളാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരുള്‍പ്പെട്ട ബഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്.
വിവിപാറ്റിന്റെയും ഇവിഎമ്മിന്റെയും വോട്ടെണ്ണല്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നതായും വിവിപാറ്റും ഇവിഎമ്മുകളുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയരുന്നതായും ഹര്‍ജിയില്‍ പറയുന്നു. കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചാല്‍ 5 മുതല്‍ ആറ് മണിക്കൂറിനുള്ളില്‍ പൂര്‍ണമായും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണാന്‍ സാധിക്കുമെന്നും കോടതിയില്‍ പറയുന്നു.