വര്‍ഗീയ വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ വിളിപ്പിച്ച് സുപ്രീം കോടതി കൊളീജിയം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് ഉത്തര്‍പ്രദേശിലെ ഹൈക്കോടതി ജഡ്ജിനെ വിളിച്ചുവരുത്തുന്നത്. ചൊവ്വാഴ്ച അതായത് ഡിസംബര്‍ 17-ന് സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരാകണമെന്ന നിര്‍ദേശം ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് കൈമാറികഴിഞ്ഞു. വിശ്വഹിന്ദുപരിഷത്തിന്റെ ചടങ്ങില്‍ ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് നടത്തിയ വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ കടുത്ത നടപടി. ശേഖര്‍കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കിയതിനിടയിലാണ് സുപ്രീംകോടതിയുടെ പുതിയ നീക്കം.
ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനോട് ചൊവ്വാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിലാണ് വിശദീകരണം നല്‍കേണ്ടത്. വിശ്വഹിന്ദുപരിഷത്തിന്റെ മുംബൈയില്‍ നടന്ന ചടങ്ങിലാണ് വിവാദ പ്രസ്താവന ഹൈക്കോടതി ജഡ്ജി നടത്തിയത്. ഹിന്ദു ഭൂരിപക്ഷത്തിന്റെ താല്‍പര്യമനുസരിച്ച് രാജ്യം പ്രവര്‍ത്തിക്കും എന്നായിരുന്നു വിഎച്ച്പി പരിപാടിയില്‍ ജസ്റ്റിസ് എസ് കെ യാദവിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ സുപ്രീം കോടതി നേരത്തെ അലഹാബാദ് ഹൈക്കോടതിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച നേരിട്ടെത്തി പ്രസംഗത്തെ കുറിച്ച് വിശദീകരിക്കാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം ഉത്തര്‍പ്രദേശിലെ ഹൈക്കോടതി ജഡ്ജിയെ വിളിപ്പിച്ചത്. വിവാദമായ സംഭവത്തില്‍ ജഡ്ജി യാദവിനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പാര്‍ലമെന്റില്‍ നീക്കവും നടക്കുന്നുണ്ട്. വര്‍ഗീയ പരാമര്‍ശം നടത്തി സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ച ജുഡീഷ്യറിയിലെ ഉന്നതനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പ്രതിപക്ഷം ഒരുങ്ങുകയാണ്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കവെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദ് ഹൈക്കോടതി ജഡ്ജിയ്ക്ക് പിന്തുണയുമായെത്തിയതും ശ്രദ്ധേയമാണ്. ശേഖര്‍കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കിയിട്ടുണ്ട്.
സത്യം പറയുന്നവരെ ഇംപീച്ച് ചെയ്യുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തുന്നതായാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ പിന്തുണച്ചെത്തിയ ഉത്തര്‍പ്രദേശിലെ ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. സത്യം പറയുന്ന ജഡ്ജിമാര്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപക്ഷം ഭീഷണിപ്പെടുത്തുകയാണെന്നാണ് യോഗിയുടെ കുറ്റപ്പെടുത്തല്‍. പ്രതിപക്ഷത്തിന്റെ ഇത്തരം നടപടികള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കണമെന്നും ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ഹൈക്കോടതി ജഡ്ജിയെ പിന്തുണച്ചു കൊണ്ട് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തുണച്ചതും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയതും. ജനാധിപത്യവാദികളാണ് തങ്ങളെന്നാണ് പ്രതിപക്ഷം പറയുന്നതെന്നും എന്നാല്‍ ആരെങ്കിലും സത്യം പറഞ്ഞാല്‍ ഇംപീച്ച്മെന്റ് പ്രമേയത്തിലൂടെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്യുന്നതെന്നാണ് വിമര്‍ശനം.