ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അന്വേഷണം തുടങ്ങി അമേരിക്ക. വഴിവിട്ട സഹായങ്ങൾ ലഭിക്കാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് അന്വേഷണം. അമേരിക്കൻ മാധ്യമമായ ബ്ലൂംബർഗാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. യുഎസ് പ്രൊസിക്യൂട്ടർമാർ അന്വേഷണം തുടങ്ങിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഒരു ഊര്‍ജ പദ്ധതിക്കായി അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സ്ഥാപനമോ ഗൗതം അദാനിയോ കൈക്കൂലി നല്‍കുന്നതില്‍ ഉൾപ്പെട്ടുട്ടുണ്ടോയെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയായ അസുർ പവർ ഗ്ലോബലിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. യുഎസിലെ അറ്റോർണി ഓഫീസും, വാഷിങ്ടണിലെ തട്ടിപ്പ് അന്വേഷണ യൂണിറ്റുമാണ് അന്വേഷണം നടത്തുന്നത്.
എന്നാൽ ചെയർമാനെതിരെ ഒരു അന്വേഷണവും നടക്കുന്നതായി ഞങ്ങൾക്കറിയില്ലെന്നാണ്, ബ്ലൂംബെർഗിന് നൽകിയ ഇ മെയിൽ മറുപടിയിൽ അദാനി കമ്പനി വിശദീകരിച്ചത്. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള അഴിമതി വിരുദ്ധ നിയമങ്ങളും കൈക്കൂലി വിരുദ്ധ നിയമങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഞങ്ങളുടെതെന്നും കമ്പനി വിശദീകരിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അന്വേഷണം പ്രഖ്യാപിച്ചതിനെ പറ്റി പ്രതികരിക്കാൻ അന്വേഷണ സംഘവും തയാറായിട്ടില്ല.
അമേരിക്കൻ നിക്ഷേപകരുമായോ വിപണികളുമായോ ബന്ധപ്പെട്ട വിദേശ അഴിമതി ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷിക്കാൻ അമേരിക്കൻ നിയമപ്രകാരം ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ ആരോപണങ്ങൾ മാത്രമാണുള്ളത്. തെളിവുകളോ മറ്റ് രേഖകളോ ലഭിച്ചിട്ടില്ല. എന്നാൽ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് യുഎസിന്റെ തീരുമാനം.
Read more
നേരത്തെ, അദാനി ഗ്രൂപ്പ് കമ്പനികൾക്കുനേരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയായ ഹിൻഡെൻബർഗ് രംഗത്തെത്തിയിരുന്നു. വലിയ രീതിയിൽ കൃത്രിമത്വം നടത്തുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. 2023ൻ്റെ തുടക്കത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മറിയ അദാനി ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ആദ്യ 20 പേരുടെ പട്ടികയിൽ നിന്ന് പുറത്തായതും വലിയ വാർത്തയായിരുന്നു.