Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

സി.ബി.ഐ തലപ്പത്ത് നിന്ന് അലോക് വര്‍മ വീണ്ടും പുറത്ത്; ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം

, 8:24 am

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതധികാര നിയമന സമിതി പുറത്താക്കി. സിബിഐ ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര റാവുവിന് വീണ്ടും ഡയറക്ടറുടെ ചുമതല നല്‍കി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രി, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഗാര്‍ഗെ എന്നിവരുള്‍പ്പെട്ട കമ്മറ്റിയാണ് തീരുമാനമെടുത്തത്. രണ്ടര മണിക്കൂറാണ് യോഗം ചേര്‍ന്നത്.

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് സമിതിക്ക് മുമ്പില്‍ വെച്ചിരുന്നു. ഇതിനുമേല്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തിലെത്തിയത്. അഴിമതിയും ഗുരുതര കൃത്യവിലോപവും അടക്കം എട്ട് ഗുരുതര ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വര്‍മയെ പുറത്താക്കിയത്. പ്രധാനമന്ത്രിയും എ കെ സിക്രിയും തീരുമാനത്തോട് യോജിച്ചപ്പോള്‍ വിഷയത്തില്‍ മല്ലികാര്‍ജുന ഗാര്‍ഗെ വിയോജിപ്പ് പ്രകടിപ്പിച്ചെന്നാണ് വിവരം.

ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനായിരുന്നു അലോക് വര്‍മ്മയെ സിബിഐ തലപ്പത്ത് നിന്ന് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കിയത്. സിബിഐ ഡയറക്ടറെ മാറ്റണമെങ്കില്‍ ഉന്നതതല സമിതിയുടെ അനുമതി നിര്‍ബന്ധമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെയായിരുന്നു അദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.

2018 ഒക്ടോബര്‍ 24 അര്‍ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ഈ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മ്മയുടെ ഹര്‍ജി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ചൊവ്വാഴ്ച്ച ചീഫ് ജസ്റ്റിസ് അവധിയായതിനാല്‍ ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗളാണ് വിധി പ്രസ്താവിച്ചത്.

Advertisement