ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണം വന്നപ്പോള്‍ ഛന്നി കരഞ്ഞ് കാലില്‍ വീണു, അന്ന് സഹായിച്ചതില്‍ കുറ്റബോധമുണ്ട്: രൂക്ഷവിമര്‍ശനവുമായി അമരീന്ദര്‍ സിംഗ്

പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ വീഴ്ചയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. സംഭവം ആസൂത്രിതമാണെന്നാണ് അമരിന്ദറിന്റെ ആരോപണം. തന്നെ പുറത്താക്കി പിന്‍ഗാമിയായെത്തിയ നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിക്കെതിരെയും അമരിന്ദര്‍ കടുത്ത ആരോപണങ്ങളുയര്‍ത്തി.

‘മോദിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ വീഴ്ച ഛന്നി സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണെന്നു വ്യക്തമാണ്. ഫിറോസ്പുരിലെ വേദിയിലേക്കു വരുന്ന ബിജെപിയുടെ വാഹനങ്ങള്‍ തടയുന്ന കര്‍ഷകരെ അവിടെനിന്നു മാറ്റേണ്ടെന്നു സര്‍ക്കാര്‍ പൊലീസിനു നിര്‍ദേശം നല്‍കി. മോദി വരുന്നതിനു മുന്‍പേ ഫിറോസ്പുരിലെ മേല്‍പ്പാലത്തിലൂടെ പോയപ്പോള്‍ തടസ്സമൊന്നും ഉണ്ടായിരുന്നില്ല. പ്രതിരോധിക്കുന്നതിനു പകരം മുഖ്യമന്ത്രി നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണം.’- അമരിന്ദര്‍ പറഞ്ഞു.

മീടൂ ആരോപണത്തിനു പിന്നാലെ വനിതാ ഉദ്യോഗസ്ഥ പരാതി നല്‍കിയപ്പോള്‍ ഛന്നി കരഞ്ഞ് തന്റെ കാലില്‍ വീണു. അന്നു ഛന്നിയെ സഹായിച്ചതില്‍ കുറ്റബോധമുണ്ട്. ആശ്രയിക്കാനും വിശ്വസിക്കാനും കൊള്ളാത്ത വ്യക്തിയാണ് അദ്ദേഹം. ഛന്നിയുടെ ബന്ധുവില്‍നിന്നു കോടിക്കണക്കിന് രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തതോടെ ഇതു ‘സ്യൂട്ട്‌കേസ് സര്‍ക്കാര്‍’ ആണെന്നു വെളിപ്പെട്ടു- അമരീന്ദര്‍ ആരോപിച്ചു.