അപ്പോഴേ പറഞ്ഞതല്ലേ അയാൾക്ക് സ്ഥിരതയില്ലെന്ന്: സിദ്ദുവിന്റെ രാജിയിൽ പ്രതികരിച്ച് അമരീന്ദര്‍ സിംഗ്

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജിവെച്ച നവജ്യോത് സിംഗ് സിദ്ദുവിനെ പരിഹസിച്ച് പ്രതിയോഗിയും മുന്‍ മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗ്.

“ഞാൻ നിങ്ങളോട് നേരത്തെ പറഞ്ഞതല്ലേ അയാൾ സ്ഥിരതയുള്ള ആളല്ല, അതിർത്തി സംസ്ഥാനമായ പഞ്ചാബിന് അനുയോജ്യനല്ല” സിദ്ദുവിനെതിരെ അമരീന്ദര്‍ ട്വിറ്ററിൽ കുറിച്ചു.

പാകിസ്ഥാനുമായി ബന്ധമുള്ള ആളാണ് സിദ്ദുവെന്നും എന്തുവില കൊടുത്തും സിദ്ദു പഞ്ചാബിന്റെ മുഖ്യമന്ത്രിയാകുന്നത് തടയുമെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു.

Read more

നവജ്യോത് സിംഗ് സിദ്ദുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അമരീന്ദര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് സിദ്ദു പ്രതീക്ഷിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള അതൃപ്തിയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കാൻ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. . സോണിയാ ഗന്ധിക്ക് അയച്ച കത്തിലാണ് താന്‍ പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നതായി സിദ്ദു അറിയിച്ചത്.