ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ ഉണ്ടായിരുന്ന അഭിമാനം ഇപ്പോള്‍ ഇല്ലെന്ന് നോബെല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ അമര്‍ത്യാസെന്‍. ജനാധിപത്യത്തെ കൂടാതെ അന്തിമമായി ഒരു പരിഹാരം കശ്മീരില്‍ സാധ്യമാകുമെന്ന് തീരെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കശ്മീരിലെ നിലവിലെ സ്ഥിതിഗതികളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. കശ്മീരില്‍ നടപ്പാകുന്നത് ഭൂരിപക്ഷ നിയമങ്ങളാണെന്ന് മാത്രമല്ല മനുഷ്യത്വവും മനുഷ്യാവകാശവും സഹനത്തിന് കാരണമാകുന്നതിനെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ തീരുമാനത്തില്‍ അനേകം പഴുതുകള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “”ലോകത്ത് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ, ജനാധിപത്യത്തിലൂടെ കടന്നുപോയ ആദ്യ പാശ്ചാത്യേതര രാജ്യത്തിന്റെ ഭാഗമായ ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ ഉണ്ടായിരുന്ന അഭിമാനം ഇപ്പോള്‍ തോന്നുന്നില്ല. ഇപ്പോള്‍ നമ്മള്‍ എടുത്ത നടപടികളുടെ പശ്ചാത്തലത്തില്‍ ആ സല്‍പ്പേര് നമുക്ക് നഷ്ടമായി കഴിഞ്ഞു.”” കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് വ്യാപകമായി വലിയ പിന്തുണ കിട്ടുമ്പോള്‍ ഇക്കാര്യത്തെ എതിര്‍ത്ത് ഉയര്‍ന്നിരിക്കുന്ന പ്രമുഖ ശബ്ദമായി അമര്‍ത്യാസെന്‍ മാറുകയാണ്.
പ്രത്യേക ഭരണഘടന, കൊടി, നിയമങ്ങള്‍, ഭൂമി വാങ്ങുന്നതിനുള്ള അവകാശം എന്നിങ്ങനെയുള്ളവയെല്ലാം അവസാനിപ്പിച്ച് കശ്മീരിനെ ഇന്ത്യയിലെ ഏതൊരു പ്രദേശം പോലെ ആക്കുകയും ചെയ്തിരുന്നു. കശ്മീര്‍ വിഷയത്തില്‍ അനേകം കോണ്‍ഗ്രസ് നേതാക്കള്‍ പോലും പ്രധാനമന്ത്രിയെ പിന്തുണച്ച് എത്തിയിരുന്നു. മറ്റു സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാന്‍ കിട്ടിയ സാധ്യതയെ കുറിച്ചുളള ചോദ്യത്തിന് അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കശ്മീര്‍ ജനത ആണെന്നായിരുന്നു അമര്‍ത്യാസെന്നിന്റെ മറുപടി. തങ്ങളുടെ ഭൂമി എന്തു ചെയ്യണമെന്ന് അവരാണ് തീരുമാനിക്കുന്നത്.
ഇതിനൊപ്പം കശ്മീരിന് നല്‍കിയിട്ടുള്ള പ്രത്യേക പദവി എടുത്തുമാറ്റാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് മുന്നോടിയായി കശ്മീരി നേതാക്കളെ വീട്ടുതടങ്കലില്‍ വെച്ചതിനെയും അദ്ദേഹം എതിര്‍ത്തു. അതിനെ നീതിയായി കരുതുന്നില്ലെന്നായിരുന്നു മറുപടി. ജനാധിപത്യത്തിന്റെ ചാനലിലൂടെ അല്ലാതെ ജനാധിപത്യം വിജയകരമാക്കാന്‍ ഒരിക്കലും കഴിയില്ല. മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടാതെ ശക്തമായ സുരക്ഷാസംവിധാനത്തിന്റെ പശ്ചാത്തലത്തിലാണ് ജമ്മു കശ്മീരില്‍ തങ്ങളുടെ തീരുമാനം നടപ്പിലാക്കിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് കൊളോണിയല്‍ ന്യായീകരണമാണ്. 200 വര്‍ഷം ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ചെയ്തതും ഇതു തന്നെയാണ്. കരുതല്‍ തടങ്കല്‍ പോലെയുള്ള കാര്യങ്ങളിലൂടെ നമ്മള്‍ പഴയ കോളനി പാരമ്പര്യത്തിലേക്ക് തിരിച്ചുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.