പോക്കറ്റില്‍ പണം സൂക്ഷിക്കുന്ന രീതി രാജ്യത്ത് നിന്ന് പതുക്കെ അപ്രത്യക്ഷമാകുകയാണ്. എന്തിനും ഏതിനും യുപിഐ ആപ്പുകളിലൂടെയുള്ള ഇടപാടുകളെയാണ് ഇപ്പോള്‍ ഏവരും ആശ്രയിക്കുന്നത്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം എന്നിവയാണ് നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന യുപിഐ ആപ്പുകള്‍.
ഇത്തരം ആപ്പുകള്‍ക്ക് ഉടന്‍ ചില എതിരാളികള്‍ കൂടിയെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ അതിസമ്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും യുപിഐ മേഖലയിലേക്ക് ചുവടുവയ്ക്കാനുള്ള നീക്കത്തിലാണ്. ജിയോ ഫിനാന്‍സ് എന്ന ആപ്പുമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് യുപിഐ മേഖലയിലേക്കെത്തുന്നത്.
ഡിജിറ്റല്‍ ബാങ്കിംഗ്, യുപിഐ പേയ്‌മെന്റ്, ബില്‍ പേയ്‌മെന്റ്, ഇന്‍ഷുറന്‍സ് എന്നിങ്ങനെ പലവിധ സേവനങ്ങളുമായാണ് ജിയോ ഫിനാന്‍സ് എത്തുന്നത്. നിലവില്‍ ആപ്പ് പരീക്ഷണ ഘട്ടത്തിലാണ്. പരീക്ഷണഘട്ടം പൂര്‍ത്തിയായാല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാകും. പേടിഎമ്മിന് സമാനമായി ജിയോയും സൗണ്ട് ബോക്‌സുകളുമായാണ് ജിയോ ഫിനാന്‍സും എത്തുന്നതും.
അതേസമയം രാജ്യത്തെ മറ്റൊരു അതിസമ്പന്നനായ ഗൗതം അദാനിയും യുപിഐ മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം അദാനി ഗ്രൂപ്പ് ഡിജിറ്റല്‍ പേയ്‌മെന്റ് ശൃംഖലയായ യുപിഐയില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സിനായി അപേക്ഷിക്കാനൊരുങ്ങുകയാണ്.