25 കോടിയുമായി അംബാനി സിപിഐയെ സമീപിച്ചു; ഒരു രൂപ വാങ്ങാതെ ബര്‍ദന്‍ തിരിച്ചയച്ചു, വെളിപ്പെടുത്തലുമായി പന്ന്യന്‍ രവീന്ദ്രന്‍

മുകേഷ് അംബാനി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഐക്ക് 25 കോടി രൂപ സംഭാവന നല്‍കാനായി എത്തിയത് വെളിപ്പെടുത്തി പന്ന്യന്‍ രവീന്ദ്രന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അംബാനി പണവുമായി സിപിഐ നേതാവ് എ.ബി ബര്‍ദനെയാണ് കാണാന്‍ വന്നത്. എന്നാല്‍ ബര്‍ദന്‍ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ മടക്കി അയച്ചുവെന്നും താന്‍ സാക്ഷിയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ഒന്നാം യുപിഎ സര്‍ക്കാര്‍ ഭരിച്ചത് ഇടത് പാര്‍ട്ടികളുടെ കൂടി പിന്തുണയിലായിരുന്നു. 2006 ല്‍ പാര്‍ട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായിരുന്നു പന്ന്യന്‍. അക്കാലത്താണ് അംബാനി പണവുമായി എത്തിയതെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ വെളിപ്പെടുത്തിയത്. സിപിഐയുമായുള്ള ബന്ധം മെച്ചപ്പെടുത്താനെന്നും പറഞ്ഞാണ് വന്നത്.

‘ഒരു ദിവസം പാര്‍ട്ടി ഓഫീസില്‍ പോയപ്പോള്‍ ബര്‍ദന്‍ പറഞ്ഞു, ഇരിക്ക് ഒരാള്‍ ഇപ്പോള്‍ വരും എന്ന്. അപ്പോഴാണ് റിലയന്‍സിന്റെ മുതലാളി വരുന്നത്. നമ്മള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം. ഞങ്ങടെ കയ്യില്‍ നിന്ന് പണമൊന്നും ഈ പാര്‍ട്ടി വാങ്ങിയിട്ടില്ല. അതുകൊണ്ട് പണവുമായി വന്നതാണ്. ആദ്യത്തെ കൂടിക്കാഴ്ച ആയതുകൊണ്ട് 25 കോടി രൂപയുണ്ട്’. പാര്‍ട്ടിക്ക് സംഭാവന നല്‍കാനാണെന്ന് പറഞ്ഞു. അപ്പോഴേക്കും ബര്‍ദന്റെ മുഖം മാറി. ഇത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഇവിടെ വരേണ്ടിയിരുന്നില്ലല്ലോ എന്ന് ബര്‍ദന്‍ പറഞ്ഞു. ഞങ്ങള്‍ പണം പിരിക്കുന്ന പാര്‍ട്ടിയാണ്. പക്ഷെ ഇത്തരം കോര്‍പറേറ്റുകളുടെ പണം ഞങ്ങള്‍ക്ക് വേണ്ട എന്നാണ് അന്ന് ബര്‍ദന്‍ പറഞ്ഞത്,’ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ഉറച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ ബര്‍ദനെ പോലുള്ള നേതാക്കള്‍ക്ക് മാത്രമേ സാധിക്കൂ എന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.