'ബീഹാറിന് പിന്നാലെ ജാർഖണ്ഡും' ആംബുലൻസ് വിട്ടുനൽകിയില്ല; മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ

ഭാര്യയുടെ മൃതദേഹം ചുമന്ന് ലോകത്തിന്റെ കണ്ണു നനയിച്ച ദാനാ മാജിയുടെയും ബിഹാറിലെ നിർധന വൃദ്ധന്റെയും അതേ ദുരവസ്ഥയുമായി ജാർഖണ്ഡിലെ ഒരു പിതാവ്. ആശുപത്രി അധികൃതര്‍ ആംബലുന്‍സ് നിഷേധിച്ചതിനെത്തുടര്‍ന്ന് പിതാവ് സ്വന്തം മകളുടെ മൃതദേഹം ബൈക്കിലാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

ജാർഖണ്ഡിലെ ഗോദയിലാണ് സംഭവം. ഗോദ ജില്ലാ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്നാണ് മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ വീട്ടിലേക്ക് തിരിച്ചത്. പെലഗരി സ്വദേശിയായ മഹാദേവ് ഷായ്ക്കാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ദുരനുഭവം നേരിടേണ്ടിവന്നത്.

ഹൃദയ സംബന്ധമായ രോഗത്തെ തുടർന്നു കഴിഞ്ഞ ബുധനാഴ്ചയാണ് ഷായുടെ മകൾ ലളിത കുമാരിയെ സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു മരണം സംഭവിക്കുകയായിരുന്നു. പണമില്ലാത്തതിന്‍റെ പേരിൽ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതോടെ മകളുടെ മൃതദേഹവുമായി ഷാ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മകൾ ലളിതയെ നേരത്തെ ഗോദയിലെ തന്നെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. പണം തികയാതെ വന്നപ്പോളായിരുന്നു ഇവർ സർക്കാർ ആശുപതിയെ സമീപിച്ചത്.