ആഭ്യന്തര കലാപത്തെ തുടര്‍ന്ന് രാജിവെച്ച ശേഷം രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ റദ്ദാക്കി യുഎസ്. ഷെയ്ഖ് ഹസീനയെ പുറത്താക്കാന്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പങ്കുവഹിച്ചെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് യുഎസ് വിസ റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
രാജിവെച്ച ശേഷം സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിയ ഹസീന ലണ്ടനിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കാന്‍ സാധിക്കില്ലെന്ന് യുകെ അറിയിച്ചതോടെ ഹസീനയുടെ യാത്ര അനശ്ചിതത്വലായി. ഗാസിയാബാദ് ഹിന്റണ്‍ വ്യോമതാവളത്തിലായിരുന്നു ഹസീന വിമാനം ഇറങ്ങിയത്.
തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഹസീനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹോദരി രെഹാനയ്‌ക്കൊപ്പമായിരുന്നു ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. രെഹാന ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ്. രാഷ്ട്രീയ അഭയം ലഭിക്കുന്നതുവരെ ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഹിന്റണ്‍ വ്യോമതാവളത്തിലാണ് ഹസീനയുള്ളത്. രാഷ്ട്രീയ അഭയം ലഭിക്കുന്നതുവരെ ഹസീന ഗാസിയാബാദ് ഹിന്റണ്‍ വ്യോമതാവളത്തില്‍ തുടരും. അതേസമയം ഹസീനയ്ക്ക് മുന്‍പ് തന്നെ സഹോദരി രെഹാന രാജ്യം വിട്ടേക്കും.