വിമാനം കണ്ടുപിടിച്ചത് ഇന്ത്യയിലാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ? ലോകത്തില്‍ ആദ്യമായി പ്ലാസ്റ്റിക് സര്‍ജറി നടത്തിയതും, ക്ലോണിംഗിലൂടെ പുതുജീവന്‍ സൃഷ്ടിച്ചതും ഇന്ത്യയില്‍. ഇവ കൂടാതെ പശുവിന്റെ കൊമ്പില്‍ നിന്ന് റേഡിയോ തരംഗങ്ങളുണ്ടാകും. പാത്രം തമ്മില്‍ കൊട്ടിയാല്‍ കൊറോണ ഇല്ലാതാകും.
മേല്‍പ്പറഞ്ഞവയെല്ലാം സംഘപരിവാര്‍ വിവിധ നേതാക്കളുടെ കണ്ടെത്തല്‍ ആയിരുന്നു. ഇവയ്ക്കൊപ്പം അമേരിക്ക കണ്ടെത്തിയത് ക്രിസ്റ്റഫര്‍ കൊളംബസ് അല്ല ഇന്ത്യന്‍ നാവികനായ വസുലന്‍ ആണെന്നുള്ള പുതിയ കണ്ടെത്തലും ഇത്തരത്തിലൊരു സംഘപരിവാര്‍ നേതാവിന്റേതാണ്. മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പാര്‍മര്‍ ആണ് പുതിയ പ്രസ്താവനയ്ക്ക് പിന്നിലുള്ളത്.
ചരിത്ര ബോധത്തെ വെല്ലുവിളിക്കുന്ന പ്രസ്താവന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നടത്തിയത് ബര്‍കത്തുള്ള യൂണിവേഴ്സിറ്റിയിലെ കോണ്വൊക്കേഷന് ചടങ്ങിലായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ വിദ്യാഭ്യാസ നയങ്ങള്‍ നശിപ്പിച്ചെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. കൊളോണിയല്‍ കാലത്ത് ചരിത്രം വളച്ചൊടിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ നാവികനായ വസുലന്‍ എട്ടാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ എത്തുകയും സാന്‍ ഡീഗോയില്‍ നിരവധി ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചു. ആ വസ്തുതകളെല്ലാം അവിടുത്തെ ലൈബ്രറിയിലും മ്യൂസിയത്തിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അമേരിക്ക കണ്ടെത്തിയത് കൊളംബസ് അല്ല നമ്മുടെ പൂര്‍വ്വികര്‍ ആണെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയത് പോര്‍ച്ചുഗീസ് നാവികനായ വാസ്കോഡ ഗാമയല്ലെന്നും ഗുജറാത്തിലെ വ്യാപാരി ചന്ദന്‍ ആണെന്നും പാര്‍മര്‍ പറഞ്ഞു. ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് പ്രവചിച്ചത് ഋഗ്വേദമാണെന്നും മന്ത്രി വേദിയില്‍ അഭിപ്രായപ്പെട്ടു.