2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ റോബർട്ട് വാദ്ര മത്സരിച്ചേക്കുമെന്ന് സൂചന. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമാണ് റോബർട്ട് വാദ്ര. സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ മത്സരിക്കാൻ റോബർട്ട് വാദ്ര സന്നദ്ധത അറിയിച്ചു.
അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എംപി സ്മ്യതി ഇറാനിയുടെ ഭരണത്തിൽ അമേഠി വീർപ്പുമുട്ടുകയാണെന്നും റോബർട്ട് വാദ്ര പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കില്‍ പ്രഥമ പരിഗണന അമേഠിക്കായിരിക്കുമെന്നും സിറ്റിംഗ് എംപിയെ ജനം മടുത്തുവെന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു. അമേഠിയില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റോബര്‍ട്ട് വദ്രയുടെ പ്രതികരണം.
പതിറ്റാണ്ടുകളായി കോൺഗ്രസിൻ്റെ കോട്ടയായിരുന്ന അമേഠിയിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമാകുന്നത്. 2004, 2009, 2014 ലോകസഭാ തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധി അമേഠിയിൽ വിജയിച്ചെങ്കിലും 2019 ൽ മണ്ഡലം നഷ്ടപ്പെട്ടു. വയനാട്ടിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലുംഅമേഠിയിലെ പരാജയം രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും വലിയ തിരിച്ചടിയായിരുന്നു.
രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എംപിയായ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെ അമേഠിക്ക് പുറമെ റായ്ബറേലിയും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. 2019 ലേതുപോലെ രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും വയനാട്ടിൽ നിന്നും മത്സരിക്കുമെന്നും പ്രിയങ്ക ഗാന്ധി വാദ്ര റായ്ബറേലിയിൽ നിന്ന് തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.