'ഗുജറാത്ത് കലാപകാരികളെ 2002ല്‍ നരേന്ദ്ര മോദി ഒരു പാഠം പഠിപ്പിച്ചു, അതിന് ശേഷം ഗുജറാത്തില്‍ കലാപമുണ്ടാക്കാന്‍ ഒരുത്തനും ധൈര്യപ്പെട്ടില്ല'; മോദി സ്തുതിയില്‍ അമിത് ഷാ

2002ലെ ഗുജറാത്ത് കലാപ കാലത്തെ കലാപക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പാഠം പഠിപ്പിച്ചെന്നും അതിനാല്‍ തന്നെ ഗുജറാത്തില്‍ പിന്നീടൊരു കലാപത്തിന് ആരും ധൈര്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ അഹമ്മദാബാദിനടത്തുള്ള സാനന്ദില്‍ നടന്ന വിക്ഷിത് ഭാരത് സങ്കല്‍പ് യാത്രയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചത്.
2002 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ കലാപകാരികളെ പഠിപ്പിച്ചത് അത്തരമൊരു പാഠമാണെന്നും അതിന് ശേഷം ഇന്നുവരെ ആരും കലാപത്തിന് ഗുജറാത്തില്‍ ധൈര്യപ്പെട്ടിട്ടില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്.

2002ല്‍ ഗുജറാത്തില്‍ കലാപങ്ങള്‍ ഉണ്ടായി, ആ പ്രവൃത്തി ആവര്‍ത്തിക്കാതിരിക്കാനുള്ള പാഠം മോദി സാഹിബ് കലാപകാരികളെ പഠിപ്പിച്ചു. അതിനുശേഷം കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടോ? 2002-ല്‍ കലാപകാരികളെ പഠിപ്പിച്ചത് ഗുജറാത്തില്‍ കലാപം ഉണ്ടാക്കാന്‍ ആരും ഇനി ധൈര്യപ്പെടാത്ത തരത്തിലുള്ള ഒരു പാഠമാണ്.

സാനന്ദ് ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയിലാണ് അമിത് ഷായുടെ പരാമര്‍ശം. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നും അടിമത്ത മനോഭാവം അതിന്റെ വേരില്‍ നിന്ന് തന്നെ നീക്കം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും അയോധ്യയില്‍ ക്ഷേത്രം പണിതതിനും നരേന്ദ്ര മോദിയെ അമിത് ഷാ പ്രശംസിച്ചു. ‘കൂടാരത്തില്‍’ പാര്‍പ്പിച്ച ശ്രീരാമന് ക്ഷേത്രം പണിത് നല്‍കിയെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി മോദിയെ അമിത് ഷാ പ്രകീര്‍ത്തിച്ചത്. പാകിസ്താനെ പാഠം പഠിപ്പിച്ചതിനും ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങിനുമെല്ലാം മോദിയെ അമിത് ഷാ പ്രശംസിച്ചു. നരേന്ദ്ര മോദി രാജ്യത്തെ സുരക്ഷിതമാക്കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അവകാശവാദം. സര്‍ദാര്‍ പട്ടേലും ജനസംഘ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയും ആഗ്രഹിച്ചതു പോലെ കാശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 എടുത്തുമാറ്റാനും മോദി സാഹബിന് കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു.