പെഹല്‍ഗാം ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, ഇരുപതോളം പേര്‍ക്ക് പരിക്ക്; അമിത് ഷാ കശ്മീരിലെത്തും, ഉചിതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി

ജമ്മു കശ്മീരിലെ പെഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവില്‍ ജിദ്ദയിലുള്ള മോദി ആക്രമണത്തിന് പിന്നാലെ അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാനും മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പെഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ 20ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിത് ഷാ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ച് സാഹചര്യം വിലയിരുത്തി.

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈസാറിന്‍ എന്ന കുന്നിന്‍മുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്തേക്ക് വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കില്ല. പൊലീസും സൈന്യവും സ്ഥലത്തേക്ക് എത്തി പരിശോധന തുടരുന്നു.

Read more

രണ്ട് പേര്‍ക്ക് ഭീകരരുടെ വെടിയേറ്റെന്നാണ് ആദ്യം വിവരം പുറത്തുവന്നത്. കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്റെ തലക്കാണ് വെടിയേറ്റത്. വെടിയേറ്റ ആളുടെ ഭാര്യയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം വിളിച്ചു പറയുന്നത്. ആക്രമിച്ചതിന് ശേഷം ഭീകരര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. 5 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റിരിക്കുന്നതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.