ബി.ആര്‍. അംബേദ്കറെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് തയാറെടുത്ത് കോണ്‍ഗ്രസ്. 24 ന് പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമാകും. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ എല്ലാ പാര്‍ലമെന്റംഗങ്ങളും കേന്ദ്ര പ്രവര്‍ത്തകസമിതി അംഗങ്ങളും ഇന്നും നാളെയുമായി പത്രസമ്മേളനം നടത്തും. അംബേദ്കറിനെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ക്കു മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
രാജ്യത്തെ എല്ലാ ജില്ലകളിലും ‘ബാബാസാഹേബ് അംബേദ്കര്‍ സമ്മാന്‍ മാര്‍ച്ച്’ നടത്തുമെന്നാണ് നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലറില്‍ പറയുന്നത്. അംബേദ്കറുടെ പ്രതിമയില്‍ മാല ചാര്‍ത്തിക്കൊണ്ട് ആരംഭിക്കുന്നമാര്‍ച്ച് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കു നിവേദനം സമര്‍പ്പിച്ചുകൊണ്ടായിരിക്കും സമാപിക്കുക.
Read more
പ്രതിഷേധ മാര്‍ച്ചിനു മുന്നോടിയായുള്ള പത്രസമ്മേളനങ്ങളില്‍ എം.പിമാരും പ്രവര്‍ത്തകസമിതി അംഗങ്ങളും അതതു നിയോജകമണ്ഡലങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇക്കഴിഞ്ഞ 18 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. അംബേദ്കറുടെ പേര് ഉച്ചരിക്കുന്നത് കോണ്‍ഗ്രസ് ഫാഷനാക്കിയിരിക്കുകയാണെന്നും ഇത്രയധികം തവണ അംബേദ്കര്‍ എന്നു പറയുന്നതിനു പകരം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗം ലഭിക്കുമായിരുന്നുവെന്നുമായിരുന്നു പരാമര്‍ശം.