എൻടിഎ ശിപാർശ അംഗീകരിച്ച് സുപ്രീംകോടതി; 1563 പേര്‍ക്ക് വീണ്ടും നീറ്റ് പരീക്ഷയെഴുതാന്‍ അവസരം', എഴുതിയില്ലെങ്കിൽ മാർക്ക് കുറയും

ഈ വർഷത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് വീണ്ടും പരീക്ഷ നടത്തും. ദേശീയ ടെസ്റ്റിംഗ് ഏജന്‍സി മുന്നോട്ട് വച്ച പുനഃപരീക്ഷയെന്ന ശുപാർശ സുപ്രീം കോടതി അംഗീകരിച്ചു. 1563 പേര്‍ക്ക് വീണ്ടും നീറ്റ് പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന് എന്‍ടിഎ അറിയിച്ചു.

സമയക്രമം കൃത്യമായി ല ഭിക്കാതിരുന്നവര്‍ക്കാണ് വീണ്ടും പരീക്ഷയ്ക്ക് അവസരം നൽകുന്നത്. ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു. ജൂണ്‍ 23ന് പുനഃപരീക്ഷ നടത്തും. 30ന് ഫലം പ്രസിദ്ധീകരിക്കും. കൗണ്‍സിലിംഗ് ജൂലൈ ആറ് മുതല്‍ ആരംഭിക്കുമെന്നും പരീക്ഷ വീണ്ടും എഴുതിയില്ലെങ്കിൽ മാർക്ക് കുറയുമെന്നും എന്‍ടിഎ അറിയിച്ചു.

പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ഗ്രേസ് മാർക്ക് നൽകിയതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയും നൽകിയ ഹർജികൾ പരിഗണിക്കവെയാണ് കോടതിയിൽ ഇക്കാര്യം തീരുമാനമായത്. കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയവരില്‍ രണ്ടുപേര്‍ മാത്രം മുഴുവന്‍ മാര്‍ക്ക് നേടിയപ്പോള്‍ ഇത്തവണ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. ഇതില്‍ ഏഴു പേര്‍ ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരായിരുന്നു. ഈ അസ്വാഭാവികതയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചോദ്യം ചെയ്തത്.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദൂരീകരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. 23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ കേരളത്തില്‍ നിന്ന് മാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്. സംസ്ഥാനത്ത് ഇത് 1500-ല്‍ താഴെ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ പരീക്ഷ പാസായിട്ടും ഉപരിപഠനം ഇവര്‍ക്ക് മുന്നില്‍ വലിയ ചോദ്യ ചിഹ്നമാ സാഹചര്യത്തിലാണ് സുപ്രീം കോടതി ഇടപെടൽ.

Read more