കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദിന് പിന്നാലെ ആനന്ദ് ശര്‍മയടക്കം മുതിര്‍ന്ന നേതാക്കള്‍ ഇനിയും പാര്‍ട്ടിയോട് വിട പറയുമെന്ന് സൂചന. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ഗുലാം നബി ആസാദിന്റെയും കൂട്ടരുടെയും ആലോചന.
അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരീല്‍ തനിച്ച് മല്‍സരിക്കുന്ന പുതിയ പാര്‍ട്ടി, തിരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎയുടെ ഭാഗമാകാനും സാധ്യതയുണ്ട്. ഗുലാം നബി ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗുലാം നബിക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട പ്രമുഖ സംസ്ഥാന നേതാക്കള്‍ പുതിയ പാര്‍ട്ടിയുടെ ഭാഗമാകും.
മുന്‍ മന്ത്രിയും പിസിസി വൈസ് പ്രസിഡന്റുമായ ജി.എം സരൂരി, പിസിസി വൈസ് പ്രസിഡന്റും എംഎല്‍എയുമായ ഹാജി അബ്ദുള്‍ റഷീദ്, മുന്‍ എംഎല്‍എ മുഹമ്മദ് അമീന്‍ ഭട്ട്, മുന്‍എംഎല്‍യും അനന്ത് നാഗ് ഡിസിസി പ്രസിഡന്റുമായ ഗുല്ഡസാര്‍ അഹമ്മദ് വാനി, മുന്‍എംഎല്‍എ ചൗധരി മുഹമ്മദ് അക്രം തുടങ്ങി ജമ്മു കശ്മീരില്‍ നിന്നുള്ള ഒരുപടി നേതാക്കള്‍ ഗുലാം നബിയോട് അനുഭാവം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വിട്ടു.
അതേസമയം, ജി 23 ഉയര്‍ത്തിയ കലാപം വന്‍ പൊട്ടിത്തെറിയിലേക്ക് പോകുന്നതിന്റെ തുടക്കമാണ് ഗുലാം നബിയുടെ രാജിയെന്നും വിലയിരുത്തലുണ്ട്. മോദി പരസ്യമായി അടുപ്പം കാണിച്ചിട്ടുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയായ ഗുലാം നബി ആസാദ് ഒരുപക്ഷെ ഭാവിയില്‍ ബിജെപി സഖ്യം തന്നെ ജമ്മുകശ്മീരില്‍ ഉണ്ടാക്കിയാലും അത്ഭുതപ്പെടാനില്ല.