പ്രകാശ് കാരാട്ടിനേയും സംഘത്തെയും കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ ആനന്ദ് പട്‌വര്‍ധന്‍. കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന യെച്ചൂരിയുടെ നിലപാട് തള്ളിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ആനന്ദിന്റെ പ്രതികരണം. ഫാസിസം വളരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ വിറച്ചു നില്‍ക്കുന്നവര്‍ക്കു ചരിത്രം മാപ്പു നല്‍കില്ലെന്നും ആനന്ദ് പട്‌വര്‍ധന്‍ പറഞ്ഞു.
ബിജെപിയുടെ ബി ടീമില്‍ സിപിഐഎം ചേര്‍ന്നുവോ എന്ന ആശങ്കയും പരോക്ഷമായി പങ്കുവയ്ക്കുന്നുണ്ട് ആനന്ദിന്റെ പോസ്റ്റ്. ബിജെപിക്ക് ഇപ്പോള്‍ എത്ര ബി ടീം ആണുള്ളതെന്ന് ആനന്ദ് ചോദിക്കുന്നു. നിതീഷ്‌കുമാര്‍ താന്‍ അതിലൊന്നാണെന്ന് തെളിയിച്ചു. പാവയായ തെരഞ്ഞെടുപ്പു കമ്മിഷനു മുന്നില്‍ ആംആദ്മിയെ ആക്രമിച്ച കോണ്‍ഗ്രസും അതാണെന്നു തെളിയിക്കുന്നു. ഐക്യത്തോടെയും അച്ചടക്കത്തോടെയും നില്‍ക്കുന്ന വിശാലമായ ഒരു മുന്നണിക്കേ ആര്‍എസ്എസ് ഫാസിസത്തെ പരാജയപ്പെടുത്താനാവൂ എന്ന് വിഡ്ഢികളായ മതേതരര്‍ക്കു മനസ്സിലാവില്ലേ എന്നും പരിഹസിക്കുന്നുണ്ട് ആനന്ദ്.
അതേ സമയം, കോണ്‍ഗ്രസ് ബന്ധം സിപിഎം കേന്ദ്രകമ്മിറ്റി തള്ളിയത് ബിജെപിയെ സഹായിക്കാനാണെന്ന വിമര്‍ശനം ദുരാരോപണമാണെന്ന വിശദീകരണവുമായി കാരാട്ടിന്റെ നിലപാടിനെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തി. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. ബിജെപിയാണ് മുഖ്യശത്രുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരസ്യമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തി ഈ വിഷയത്തിന് അനാവശ്യപ്രാധാന്യം നല്‍കാനില്ലെന്ന നിലപാടിലാണ് ഇവര്‍.