കവി വൈരമുത്തുവിനെതിരെയുള്ള ക്രിമിനല്‍ നടപടി നിര്‍ത്തിവയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ആണ്ടാള്‍ ദേവതയെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ തമിഴ് കവി വൈരമുത്തുവിനെതിരെയുള്ള ക്രിമിനല്‍ നടപടിയെല്ലാം നിര്‍ത്തിവയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കവി എഴുതിയ ലേഖനത്തില്‍ ആണ്ടാളിനെ ദേവദാസിയെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ഹിന്ദുസംഘടനകളാണ് പരാതി നല്‍കിയിരുന്നത്.

എന്നാല്‍ കവിയുടെ പേരില്‍ പ്രഥമാദൃഷ്ട്യാ കേസൊന്നുമില്ലെന്ന് നിരീക്ഷിച്ച് ജസ്റ്റിസ് എംഎസ് രമേഷ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പ്രോസിക്യൂഷനോട് എതിര്‍സത്യാവാങ്മൂലം നല്‍കാന്‍ നിര്‍ദ്ദേശിച്ച കോടതി  വാദം കേള്‍ക്കാനായി കേസ് ഫെബ്രുവരി 16 ലേക്ക് മാറ്റി.

പത്തുദിവസത്തിലേറെയായി ഹിന്ദു സംഘടനകള്‍ വൈരമുത്തുവിന് നേരെ പ്രതിഷേധം നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്റെ പേരിലുള്ള ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യവുമായി കവി ഹൈക്കോടതിയെ സമീപിച്ചത്.

പ്രസ്താവനകള്‍ ഒന്നും തന്റെതല്ലെന്നും,മറ്റൊരു ഗവേഷണ പ്രബന്ധത്തിലെഴുതിയിരിക്കുന്നത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്‌തെന്നും കവി കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത് സത്യമാണെന്ന് കണ്ടെത്തിയ തുടര്‍ന്നാണ് കോടതി കവിയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്.

Read more

വൈരമുത്തുവിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടത്തിയ ഹിന്ദു സംഘടനകള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ കത്തിച്ചിരുന്നു. എന്നാല്‍ കവിയ്ക്ക് സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരുടെ വലിയ പിന്തുണയാണ് ലഭിച്ചത്. പ്രമുഖ സിനിമാ സംവിധായകന്‍ ഭാരതിരാജയും ഡി.എം.കെ വര്‍ക്കിങ്പ്രസിഡന്റ് എം.കെ. സ്റ്റാലിനും, ടി.ടി.വി. ദിനകരന്‍ എം.എല്‍.എയും കവിക്ക് പിന്തുണ അറിയിച്ചിരുന്നു.