ആന്ധ്രാപ്രദേശിലെ എളൂരു ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ ആറ് തൊഴിലാളികള്‍ പൊള്ളലേറ്റ് മരിച്ചു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. എളൂരുവിലെ അക്കിറെഡ്ഡിഗുഡെമിലെ പോറസ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡിലാണ് സംഭവം. നൈട്രിക് ആസിഡ്, മോണോമെഥൈല്‍ എന്നിവയുടെ ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് ഏലൂര്‍ എസ്പി രാഹുല്‍ ദേവ് പറഞ്ഞു.
ഇന്നലെ രാത്രി 11:30 ഓടെയാണ് അപകടമുണ്ടായത്. വാതകച്ചോര്‍ച്ചയ്ക്ക് പിന്നാലെ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് പ്ലാന്റിന്റെ നാലാമത്തെ യൂണിറ്റില്‍ തീപിടിത്തമുണ്ടായി. അപകട സമയത്ത് 30ഓളം പേര്‍ ജോലി ചെയ്തിരുന്നു. പൊലീസും റവന്യൂ, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പരിക്കേറ്റവരെ നസ്വിദ് ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഗിഫാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തില്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്കും എസ്പിക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് പൂര്‍ണ വൈദ്യസഹായം നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.