Connect with us

NATIONAL

‘2019ല്‍ പ്രാദേശിക പാര്‍ട്ടികള്‍ രാജ്യം ഭരിക്കും’; ബിജെപിക്ക് അധികാരം ലഭിക്കില്ലെന്നത് തീര്‍ച്ചയെന്ന് ചന്ദ്രബാബു നായിഡു

, 8:36 pm

2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് വിജയിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപിനേതാവുമായ ചന്ദ്രബാബു നായിഡു. എല്ലാ പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്തും. ബിജെപി 2019ല്‍ അധികാരത്തില്‍ എത്തില്ലെന്നതു തീര്‍ച്ചയാണെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

വിജയവാഡയില്‍ ടിഡിപി വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊങ്ങച്ച പ്രകടനങ്ങളും പ്രസംഗങ്ങളും നടത്തുന്നതല്ലാതെ മോദി ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ബിജെപി നല്‍കിയ വാഗ്ദാനങ്ങളൊന്നും പൂര്‍ത്തീകരിച്ചില്ല. രാജ്യത്ത് ഭീതി പരത്താനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അതിന് അവരെ അനുവദിക്കില്ലെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനത്തെ ഞാന്‍ അനുകൂലിച്ചിരുന്നു. അത് നമ്മുടെ സമ്പദ് വ്യവസ്ഥക്ക് ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കാരണം ബാങ്കുകള്‍ പാപ്പരായി. ജനങ്ങള്‍ക്ക് ബാങ്കിങ് സംവിധാനത്തോടുള്ള വിശ്വാസം നശിച്ചു. ഇതുപോലൊരു കറന്‍സി ക്ഷാമം നമ്മള്‍ മുമ്പെങ്ങും നേരിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ടിഡിപി പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തെ രാഷ്ട്രീയ ആഖ്യാനങ്ങളെ മാറ്റിയെഴുതാനുള്ള ശക്തി പാര്‍ട്ടിക്കുണ്ട്. അതില്‍നിന്നും നമുക്ക് പിന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കുമെന്ന വാഗ്ദാനത്തില്‍നിന്നും പിന്നോട്ടുപോയപ്പോഴാണ് കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചത്. ബിജെപി ആന്ധ്രയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപി സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

: