'തിരുപ്പതി ലഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് '; ആരോപണവുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, നിഷേധിച്ച് വൈഎസ്ആർ കോൺഗ്രസ്, വിവാദം

ആന്ധ്രയിൽ പുതിയ വിവാദത്തിന് തിരികൊളുത്തി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പ്രസിദ്ധമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായ തിരുപ്പതി ലഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്നാണ് നായിഡുവിന്റെ ആരോപണം. മുൻ മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെയാണ് നായിഡുവിന്റെ ആരോപണം. ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നു കാലയളവിലാണ് ഇത്തരത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്ന് നായിഡു ആരോപിക്കുന്നു.

‘തിരുപ്പതി തിരുമല ലഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്, അവര്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചു’- അമരാവതിയില്‍ നടന്ന എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കവെ നായിഡു പറഞ്ഞു. ശുദ്ധമായ നെയ്യാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തില്‍ എല്ലാം അണുവിമുക്തമാക്കിയെന്നും ഗുണനിലവാരം മെച്ചപ്പെടുത്തിയെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

എന്‍ ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തിന് പിന്നാലെ ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും വിഷയത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ രംഗത്തെത്തി. ‘തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഞങ്ങളുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ഭരണകൂടം തിരുപ്പതി പ്രസാദത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി,’- എക്സിലെ ഒരു പോസ്റ്റില്‍ ഐടി മന്ത്രി പറഞ്ഞു.

അതേസമയം നായിഡുവിന്റെ ആരോപണം ദുരുദ്ദേശ്യപരമാണെന്നും രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി ഏത് തലത്തിലേക്കും തരംതാഴുമെന്നും വൈഎസ്ആര്‍ കോൺഗ്രസ് നേതാവ് സുബ്ബ റെഡ്ഡി പറഞ്ഞു. വിശുദ്ധ തിരുമലയുടെ പവിത്രതയെയും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെയും നായിഡു തന്റെ പരാമര്‍ശങ്ങളിലൂടെ ഹനിച്ചിരിക്കുകയാണെന്നും രാജ്യസഭാംഗം കൂടിയായി സുബ്ബ റെഡ്ഡി ആരോപിച്ചു. ‘തിരുമല പ്രസാദത്തെക്കുറിച്ചുള്ള നായിഡുവിന്റെ അഭിപ്രായങ്ങള്‍ അങ്ങേയറ്റം ദുരുദ്ദേശ്യപരമാണ്. ഒരു വ്യക്തിയും അത്തരം വാക്കുകള്‍ സംസാരിക്കുകയോ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്യില്ല’ – സുബ്ബ റെഡ്ഡി എക്സ് പോസ്റ്റില്‍ പറഞ്ഞു.