ഇരട്ട നേതൃത്വ പദവി ഒഴിവാക്കി അണ്ണാ ഡിഎംകെ. ഇന്ന് ചേര്‍ന്ന് ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കി. എടപ്പാടി കെ പളനിസാമിയെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയായിരുന്നു.
പനീര്‍ശെല്‍വത്തോട് ഒപ്പമുള്ളവരെയും പുറത്താക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് നത്തം ആര്‍ വിശ്വനാഥന്‍ കൊണ്ടുവന്ന പ്രമേയത്തിലൂടെയാണ് പനീര്‍ശെല്‍വത്തെയും അനുയായികളെയും പുറത്താക്കിയത്. ഇരട്ട നേതൃസ്ഥാനം മൂലം തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് ഒറ്റ അധ്യക്ഷന്‍ എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്.
എന്നാല്‍ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് പനീര്‍ സെല്‍വം അറിയിച്ചു. നേരത്തെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ എടപ്പാടി കെ.പളനിസ്വാമി നിര്‍ദ്ദേശം നല്‍കിയെങ്കിലും അതിനെതിരെ പനീര്‍സെല്‍വം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി യോഗത്തിന് അനുമതി നല്‍കി. തുടര്‍ന്നാണ് ഇന്ന യോഗം ചേര്‍ന്നത്.
യോഗം ആരംഭിക്കുന്നതിന് മുമ്പ്് ഒപിഎസ്- ഇപിഎസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. നൂറ് കണക്കിനാളുകളാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഒ പനീര്‍ശെല്‍വത്തിന്റെ കാര്‍ ഇപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു. ഇപിഎസ് വിഭാഗത്തിന്റെ പോസ്റ്ററുകള്‍ ഒ പനീര്‍ശെല്‍വത്തിന്റെ അനുയായികളും തകര്‍ത്തു. സംഘര്‍ഷം ശക്തമായപ്പോള്‍ പൊലീസ് ലാത്തി വീശി.