വിജയ്യുടെ രാഷ്ട്രീയപ്രവേശനം നടക്കുന്നതിന് മുമ്പ് അണ്ണാമലൈ വിദേശത്തേക്ക് പറക്കുന്നു; വിദേശപഠനം നടത്താന്‍ അനുമതി നല്‍കി കേന്ദ്രനേതൃത്വം; തിരിച്ചടിയാകുമെന്ന് അണികള്‍

തമിഴ്നാട് രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവുകളുടെ സമയത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് പഠനത്തിനായി വിദേശത്തേക്ക് പറക്കുന്നു. കെ. അണ്ണാമലൈക്ക് വിദേശപഠനം നടത്താന്‍ മൂന്നുമാസം കേന്ദ്ര നേതൃത്വമാണ് അവധി നല്‍കിയിരിക്കുന്നത്. യു.കെ.യില്‍ ഫെലോഷിപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് അണ്ണാമലൈ അവധിതേടി ദേശീയനേതൃത്വത്തെ സമീപിച്ചത്.

ഈമാസം ആദ്യവാരം ഡല്‍ഹിയില്‍ പാര്‍ട്ടി പ്രസിഡന്റ് ജെ.പി. നഡ്ഡ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവധി അനുവദിച്ചതോടെ സെപ്റ്റംബറില്‍ അണ്ണാമലൈ യു.കെ.യിലേക്ക് പോകും.

Read more

സംസ്ഥാന പ്രസിഡന്റിന്റെ താത്കാലികചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. അണ്ണാമലൈയുടെ അഭാവത്തില്‍ നിലവിലുള്ള രണ്ടാംനിരനേതാക്കള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. വിജയ്യുടെ രാഷ്ട്രീയപ്രവേശം, ഉദയനിധിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാരോഹണം എന്നിവയടക്കം തമിഴ്നാട് രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവുകളുടെ സമയത്താണ് അണ്ണാമലൈ പ്രവര്‍ത്തനരംഗത്തുനിന്ന് മാറിനില്‍ക്കുന്നത്. അണ്ണാമലൈയുടെ ഈ സമയത്തുള്ള അഭാവം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ചിലര്‍ പറയുന്നു.