'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് പുറത്താക്കിയ ശേഷം മാത്രമേ ഇനി ചെരുപ്പ് ധരിക്കുകയുള്ളൂവെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമ കേസില്‍ പ്രതിഷേധിച്ചായിരുന്നു അണ്ണാമലൈ ചെരുപ്പിടില്ലെന്ന പ്രതിജ്ഞയെടുത്തത്.

ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തന്റെ വീടിന് മുന്നില്‍ ആറ് തവണ ചാട്ടവാറടി നടത്തുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചു. ഇതോടൊപ്പം 48 മണിക്കൂര്‍ വ്രതമെടുക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

ധരിച്ചിരുന്ന ഷൂസ് അഴിച്ചുമാറ്റിയായിരുന്നു ഡിഎംകെ സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് പുറത്താക്കിയ ശേഷം മാത്രമേ ഇനി ചെരുപ്പ് ധരിക്കുകയുള്ളൂവെന്ന് അണ്ണാമലൈയുടെ പ്രതിജ്ഞ.

ലൈംഗികാതിക്രമ കേസിലെ പ്രതി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അണ്ണാമലൈ പുറത്തുവിട്ടു. കേസിലെ ഇരയുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അണ്ണാമലൈ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.