ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരരുടെ ആക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ ഉള്ള വ്യക്തി നടത്തുന്ന കടയിലെ ജീവനക്കാരനായിരുന്ന മുഹമ്മദ് ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ തുടര്‍ച്ചയായി രണ്ടാം തവണയാണ് തീവ്രവാദികളുടെ വെടിവെയ്പ്പിലുള്ള മരണം. ഞായറാഴ്ച്ച ഭീകരരുടെ ആക്രമണത്തിൽ ഒരു പൊലീസുകാരനാണ് കൊല്ലപ്പെട്ടത്.
വെടിയേറ്റയുടന്‍ മുഹമ്മദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബന്ദിപ്പോര സ്വദേശിയാണ് ഇബ്രാഹിം.
ശ്രീനഗറിനെ കേന്ദ്രീകരിച്ച് ഭീകരർ നടത്തുന്ന കൊലപാതക പരമ്പരയിലെ ഒടുവിലത്തെ ഇരയാണ് ഇബ്രാഹിം. അദ്ദേഹത്തിന്റെ ദാരുണമായ കൊലപാതകം അപലപനീയമാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
സംഭവം നടന്ന സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. ഞായറാഴ്ച്ച ബട്മാലു മേഖലയിലാണ് ഒരു പൊലീസുകാരന്‍ വധിക്കപ്പെട്ടത്.
ശ്രീനഗറിലും കശ്മീരിന്റെ മറ്റു ചില ഭാഗങ്ങളിലും കഴിഞ്ഞ മാസം നിരവധി ആക്രമണ പരമ്പരകള്‍ നടന്നിരുന്നു. കുടിയേറ്റ തൊഴിലാളികളും ന്യൂനപക്ഷ സമുദായത്തിലുള്ളവരും ഉൾപ്പെടെ 11 സാധാരണക്കാർ ഈ ഭീകരാക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. വിഘടനവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 900 ഓളം പേരെ കാശ്മീരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെയുണ്ടായ ആക്രമണങ്ങളില്‍ പങ്കെടുത്ത ഭൂരിഭാഗം ഭീകരരും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. 11 ഏറ്റുമുട്ടലുകളിലായി 17 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. നിലവിലെ സാഹചര്യം നേരിടുന്നതിനായി 5000 സൈനികരെക്കൂടി കാശ്മീരില്‍ നിയോഗിച്ചിട്ടുണ്ട്.