ഭേദഗതി വരുത്തിയ പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ഏതൊരു സമരത്തിലും പ്രതിപക്ഷ ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് നോബൽ സമ്മാന ജേതാവ് അമർത്യ സെൻ. അതേസമയം പ്രതിപക്ഷ ഐക്യത്തിന്റെ അഭാവത്തിൽ പോലും പ്രതിഷേധം തുടരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപകമായി സിഎഎ-എൻപിആർ-എൻആർസി പ്രതിഷേധത്തെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൊൽക്കത്തയിൽ മറുപടി നൽകുകയായിരുന്നു അമർത്യ സെൻ.
“ഏതുതരം പ്രതിഷേധത്തിനും പ്രതിപക്ഷ ഐക്യം പ്രധാനമാണ്. അപ്പോൾ പ്രതിഷേധം എളുപ്പമാകും. പ്രതിഷേധം ശരിയായ കാരണത്താലാണെങ്കിൽ ഐക്യം പ്രധാനമാണ്,” അമർത്യ സെൻ തിങ്കളാഴ്ച രാത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു
“എന്നാൽ ഐക്യം ഇല്ലെങ്കിലും പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഇതിനർത്ഥമില്ല. ഞാൻ പറഞ്ഞതു പോലെ, ഐക്യം പ്രതിഷേധം എളുപ്പമാക്കുന്നു, എന്നാൽ ഐക്യം ഇല്ലെങ്കിലും നമ്മൾ മുന്നോട്ട് പോകുകയും ആവശ്യമായതെല്ലാം ചെയ്യുകയും വേണം,” അമർത്യ സെൻ പറഞ്ഞു.
നേരത്തെ നബനിത ഡെബ് സെൻ മെമ്മോറിയൽ പ്രഭാഷണത്തിൽ സംസാരിച്ച സാമ്പത്തിക വിദഗ്ധൻ, എതിർവാദങ്ങളെ വഴക്കാണെന്ന് കാണുന്നത് വലിയ തെറ്റാണെന്ന് പറഞ്ഞു.
“പ്രതിപക്ഷത്തിന്റെ നൂതന ശക്തികളുടെ സൂക്ഷ്മതയ്ക്ക് ഊന്നൽ നൽകേണ്ടത് ആവശ്യമാണ്. നമ്മൾ പ്രതിഷേധിക്കുന്നതിനെ കുറിച്ച് നമ്മൾ തന്നെ കൂടുതൽ അറിയേണ്ടതുണ്ട്. പ്രതിഷേധത്തിൽ തല ഹൃദയവുമായി ചേരണം, ”അമർത്യ സെൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
“ഭരണഘടനയിലോ മനുഷ്യാവകാശത്തിലോ ഒരു വലിയ തെറ്റ് സംഭവിക്കുമ്പോൾ, തീർച്ചയായും പ്രതിഷേധിക്കാൻ കാരണങ്ങളുണ്ടാകും,” അമർത്യ സെൻ പറഞ്ഞു.
കഴിഞ്ഞ നവംബറിൽ കൊൽക്കത്തയിലെ വസതിയിൽ വെച്ച് അന്തരിച്ച നബനിത ഡെബ് സെൻ, സാമ്പത്തിക ശാസ്ത്രജ്ഞന്റെ ആദ്യ ഭാര്യയായിരുന്നു.
വിവാദമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അമർത്യ സെൻ കുറച്ചുനാൾ മുമ്പ് വിമർശിച്ചിരുന്നു.
“സിഎഎ റദ്ദാക്കണം, കാരണം ഒരു നിയമമായിരിക്കാൻ അതിനു യോഗ്യതയില്ല. പാർലമെന്റിൽ പാസാക്കിയത് ഭരണഘടനയുമായി നിയമപരമായി ബന്ധിപ്പിക്കാൻ കഴിയുമോയെന്ന് പരിശോധിക്കേണ്ടത് സുപ്രീം കോടതിയുടെ ജോലിയാണ്,” നൊബേൽ സമ്മാന ജേതാവ് പറഞ്ഞു.