'മോദിയുടെ ഇഷ്ട ചാരസോഫ്റ്റ്‍വെയർ എന്റെ ഫോണിലേക്കും അയച്ചതിനു നന്ദി'; കെസി വേണുഗോപാലിനും ആപ്പിളിന്റെ മുന്നറിയിപ്പ്

ആപ്പിൾ ഫോണിലൂടെ പെഗാസസ് ഫോൺ ചോർത്തൽ മുന്നറിയിപ്പ് ലഭിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാൽ. ചാരസോഫ്റ്റ്‍വെയർ ആക്രമണത്തിനു കെസി വേണുഗോപാലിന്റെ ഐഫോണും വിധേയമായിട്ടുണ്ടാകാമെന്ന് ആണ് ആപ്പിൾ കമ്പനിയുടെ മുന്നറിയിപ്പ്. മോദിയുടെ ഇഷ്ട ചാരസോഫ്റ്റ്‍വെയർ എന്റെ ഫോണിലേക്കും അയച്ചതിനു നന്ദി എന്നാണ് ഇതിന് കെസി പ്രതികരിച്ചത്.

‘മോദിയുടെ ഇഷ്ട ചാരസോഫ്റ്റ്‍വെയർ എന്റെ ഫോണിലേക്കും അയച്ചതിനു നന്ദി. രാഷ്ട്രീയ എതിരാളികളുടെ സ്വകാര്യതയിലേക്കു കടന്നുകയറിക്കൊണ്ടു ഭരണഘടനാവിരുദ്ധവും കുറ്റകരവുമായ തരത്തിലാണു മോദി സർക്കാർ പ്രവർത്തിക്കുന്നത്’ – കെസി പറഞ്ഞു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി, കോൺഗ്രസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സമൃദ്ധ ഭാരത് ഫൗണ്ടേഷൻ ഡയറക്ടർ പുഷ്പരാജ് ദേശ്പാണ്ഡെ എന്നിവർക്കും സമാനമായ മുന്നറിയിപ്പു കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി പേരുടെ ഫോണുകള്‍ കേന്ദ്ര സര്‍ക്കാര്‍ പെഗാസസ് വഴി ചോര്‍ത്തിയിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവർക്കും ഇത്തരത്തിൽ മുന്നറിയിപ്പുകൾ നേരത്തെ ലഭിച്ചിട്ടുണ്ട്. ആപ്പിളിന്റെ കണക്കനുസരിച്ച് ഇതുവരെ 150 രാജ്യങ്ങളിലെ വ്യക്തികള്‍ക്ക് ഇത്തരത്തിലുള്ള ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പെഗാസസ് വഴി പൗരന്മാരെ അനധികൃതമായി നിരീക്ഷിച്ചെന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ അന്വേഷണവുമായി സര്‍ക്കാര്‍ പൂര്‍ണമായി സഹകരിച്ചിട്ടില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2022ല്‍ സുപ്രീംകോടതി രൂപീകരിച്ച സമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണം ചോര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു.