അറബി കടലില്‍ തുടര്‍ച്ചയായി ചുഴലിക്കാറ്റ് പ്രതീക്ഷിക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

അറബിക്കടലില്‍ തുടര്‍ച്ചയായി ചുഴലിക്കാറ്റ് പ്രതീക്ഷിക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 2014 മുതലുള്ള ഡേറ്റ പരിശോധിച്ച ശേഷമാണ് ചുഴലിക്കാറ്റിനുള്ള പ്രവണതകള്‍ അറബി കടലില്‍ കൂടി വരികയാണെന്ന നിഗമനത്തില്‍ ശാസ്ത്രലോകം എത്തിയിരിക്കുന്നത്. യൂണിയന്‍ എര്‍ത്ത് സയന്‍സസിന്റെ മുന്‍ സെക്രട്ടറി ഷൈലേഷ് നായക് പറഞ്ഞത് ഇതിന് കാരണം ആഗോളതാപനമാണെന്നാണ്. ഗുജറാത്തില്‍ സംഘടിപ്പിക്കപ്പെട്ട കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ്-പോളിസീസ് ടു ആക്ഷന്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വരുംഭാവിയില്‍ അറബികടലിലെ ചുഴലിക്കാറ്റ് കൂടിക്കൊണ്ടേയിരിക്കും. കഴിഞ്ഞ വര്‍ഷത്തെ പാറ്റേണ്‍ സൂചിപ്പിക്കുന്നത് ഇതാണ്. 2014ല്‍ ഒരു സൈക്ലോണ്‍ ഉണ്ടായി, 2015ല്‍ ഇത് രണ്ടായി. 2017 എത്തിയപ്പോള്‍ ഓഖി അടിച്ചു വന്‍നാശമുണ്ടായി. മുന്‍വര്‍ഷങ്ങളില്‍ കാണപ്പെടാത്ത തരത്തിലാണ് ഓഖി ശക്തിപ്പെട്ടതും നാശം വിതച്ചതും.

ഇന്ത്യയുടെ വെസ്റ്റേണ്‍ കോസ്റ്റില്‍ നിലോഫാര്‍ അടിച്ചത് 2014 ഒക്ടോബറിലാണ്. മണിക്കൂറില്‍ നൂറ് മൈല്‍ വേഗത്തിലായിരുന്നു ഈ കാറ്റ് അടിച്ചത്. 30,000 ത്തില്‍ ഏറെ ആളുകളെ അപ്പോള്‍ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. 2015 ല്‍ നിലോഫാറിനേക്കാള്‍ ശക്തമായ കാറ്റുകളാണ് അറബി കടലില്‍ രൂപപ്പെട്ടത്. ഒരാഴ്ച്ചയില്‍ രണ്ടു തവണയാണ് ഇത് ഉണ്ടായത്.

അറബി കടലില്‍ ഉണ്ടായ ഓഖി ചുഴലിക്കാറ്റ് കേരളതീരത്തും തമിഴ്‌നാട് തീരത്തും അടിച്ചശേഷമാണ് ലക്ഷ്വദീപിലേക്കും ഗുജറാത്തിലേക്കും പോയത്. അറബികടലില്‍ തുടര്‍ച്ചയായി ചുഴലിക്കാറ്റ് ഉണ്ടാകുന്നത് മലയാളികള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.