ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഡല്‍ഹിയില്‍ മുസ്ലീം വോട്ടുകള്‍ മുഴുവനായി കോണ്‍ഗ്രസിന് പോയതായി എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു.
“എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാം. സത്യത്തില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പുവരെ ഏഴ് സീറ്റും ആം ആദ്മിയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. അവസാന നിമിഷം മുസ്ലിം വോട്ടുകള്‍ മുഴുവന്‍ കോണ്‍ഗ്രസിലേക്കു പോയി. അവസാന രാത്രി, തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പത്തെ രാത്രി. മുസ്ലീം വോട്ടുകള്‍ ഡല്‍ഹിയിലെ മൊത്തം വോട്ടുകളുടെ 12-13 ശതമാനം വരും. എന്താണ് നടന്നത് എന്ന് ഞങ്ങള്‍ പരിശോധിച്ചുവരുകയാണ്്.” അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ എത്ര സീറ്റ് എഎപി നേടുമെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാള്‍.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടുകളില്‍ അട്ടിമറി നടന്നില്ലെങ്കില്‍ മോദിജി തിരിച്ചുവരില്ലയെന്നും കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബിലെ രാജ്പുരയില്‍ ഇന്നലെ പരസ്യപ്രചാരണത്തിന്റെ അവസാന ദിവസത്തെ തിരഞ്ഞെടുപ്പ് പരിപാടിക്കെത്തിയപ്പോളാണ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്. “പഞ്ചാബില്‍ ആകെയുള്ള 13 സീറ്റുകളിലും എഎപി മത്സരിക്കുന്നുണ്ട്. ഇവിടെ നാളെ വോട്ടെടുപ്പ് നടക്കുകയാണ്. വോട്ടിംഗ് മെഷീനുകളില്‍ വ്യാപക തിരിമറി നടത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ മോദിജി ഇത്തവണ അധികാരത്തില്‍ തിരിച്ചുവരില്ല. പക്ഷേ അത് നടന്നോ ഇല്ലയോയെന്ന് എനിക്ക് അറിയില്ല.” എന്നാണ് കെജ്രിവാള്‍ പറഞ്ഞത്.