ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസവും തുടരുന്നു. ഘോര വനത്തിനുള്ളില്‍ മറഞ്ഞിരുന്ന് ഭീകരര്‍ നടത്തുന്ന ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. ആനന്ദ്‌നാഗ് ഗദോളിലെ കൊടുംകാട്ടില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ പാര കമാന്റോകള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ട്രൂപ്പുകള്‍ ഏറ്റുമുട്ടുന്നുണ്ട്.
അഞ്ചാം ദിവസവും തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും ഒരു പൊലീസ് ഓഫീസറും വീരമൃത്യു വരിച്ചു. ഒരു സൈനികനെ കാണാതാവുകയും ചെയ്തു. ആയുധധാരികളായ രണ്ടോ മൂന്നോ ഭീകരരാണ് സൈന്യവുമായി ഏറ്റുമുട്ടുന്നതെന്നാണ് സൈന്യത്തിന്റെ നിഗമനം. പ്രത്യാക്രമണത്തില്‍ സൈന്യം ഇതുവരെ നൂറുകണക്കിന് മോട്ടോര്‍ ഷെല്ലുകളും റോക്കറ്റുകളും ഭീകരര്‍ക്ക് നേരെ വിന്യസിച്ചെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ച ആണ് ഭീകരര്‍ ആക്രമണം തുടങ്ങിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തുന്ന ഓപ്പറേഷന്‍ ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. കൊടും കാടുകളിലും യുദ്ധാന്തരീക്ഷത്തിലും പോരാടന്‍ പരിശീലനം ലഭിച്ചവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭീകരരുടെ ശക്തമായ വെടിവയ്പ്പിനെ തുടര്‍ന്ന് മുറിവേറ്റവരെയും കൊല്ലപ്പെട്ട സൈനികരെയും പുറത്തെത്തിക്കാന്‍ കനത്ത വെല്ലുവിളിയാണ് സേന നേരിടുന്നത്.