ജമ്മു കശ്മീരിലെ പെഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. കുല്‍ഗാമിലെ തങ്മാര്‍ഗില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് പുറത്തുവരുന്ന വിവരം. ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
സിആര്‍പിഎഫ്, കരസേന, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയുടെ സംയുക്ത ഓപ്പറേഷനാണ് കുല്‍ഗാമില്‍ നടക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് ഒന്നിലേറെ ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ബാരാമുള്ളയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. പെഹല്‍ഗാമിലെ ആക്രമണത്തിന് പിന്നാലെ സൈന്യം പരിശോധന ശക്തമാക്കിയിരുന്നു. അതേസമയം പെഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നിലെ ഭീകരരുടെ ചിത്രം നേരത്തെ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു.
നാല് ഭീകരരുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. രണ്ട് പ്രദേശവാസികള്‍ അടക്കം ആറ് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടി ഉതിര്‍ത്തത് എന്നാണ് വിവരം.
കൂട്ടക്കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പഹല്‍ഗാം, ബൈസരണ്‍, അനന്ത് നാഗ് എന്നീ മേഖലകളില്‍ വിശദമായ പരിശോധന നടക്കുകയാണ്. പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ലഷ്‌ക്കര്‍ ഇ ത്വയ്ബയുടെ കൊടും ഭീകരന്‍ സൈഫുള്ള കസൂരിയെന്ന് വിവരം. പാകിസ്ഥാനില്‍ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും രഹസ്യാന്വേഷണ വിവരം.